തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 (എൻഎച്ച് 66)ന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 2025 ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിക്കുന്നു.
മൊത്തം 701.451 കിലോമീറ്റർ നീളമുള്ള പാതയിൽ 580 കിലോമീറ്റർ ഇതിനകം നിർമിച്ചുകഴിഞ്ഞു.100 കിലോമീറ്ററാണ് പരമാവധി വേഗപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
19 വിവിധ സ്ട്രെച്ചുകളിലായി നിർമാണം പുരോഗമിക്കുന്ന ഈ ആറുവരിപ്പാതയിലൂടെ തിരുവനന്തപുരം മുതൽ കൊച്ചിവരെ ഇനി മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാനാകും. കാസർകോട് വരെ ഒമ്പത് മണിക്കൂർ മതിയാകും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നിർമ്മാണം പൂർത്തീകരിച്ച പ്രധാന സ്ട്രെച്ചുകൾ:
നീലേശ്വരം ടൗൺ ആർഒബി
ഇടപ്പള്ളി–വൈറ്റില–അരൂർ
കാരോട്–മുക്കോല
മുക്കോല–കഴക്കൂട്ടം
കഴക്കൂട്ടം ആകാശപാത
തലശേരി–മാഹി ബൈപാസ്
മൂരാട്–പാലോളി പാലം
രാമനാട്ടുകര–വളാഞ്ചേരി ഭാഗത്ത് 95% നിർമാണം പൂർത്തിയായിട്ടുണ്ടെന്നും വളാഞ്ചേരി–കാപ്പിരിക്കാട് ഭാഗത്ത് 96% പൂർത്തിയായി എന്നാണ് കണക്ക്. കൂടാതെ, പദ്ധതിയുടെ ഭാഗമായി 400 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കപ്പെടുകയാണ്.
ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലിന്റെ 25% ചെലവ് ഏറ്റെടുത്തിരിക്കുന്നു. അതിനായി 5580.73 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ആകെ 57815 കോടി രൂപയുടെ ചെലവിലാണ് ആറുവരിയായ, സിഗ്നൽരഹിതമായ ഈ ദേശീയപാത നിർമ്മിച്ചുവരുന്നത്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും,ഗതാഗത സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയുമായി കൃത്യമായ ഇടവേളയിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
