You are currently viewing കോർപ്പറേഷൻ അതിർത്തി “വേലി കെട്ടി” തിരിക്കരുത്: ഇ-ബസ് സർവീസ് വിഷയത്തിൽ മേയറുടെ നിലപാടിനെതിരെ മന്ത്രി  ശിവൻകുട്ടിയുടെ വിമർശനം

കോർപ്പറേഷൻ അതിർത്തി “വേലി കെട്ടി” തിരിക്കരുത്: ഇ-ബസ് സർവീസ് വിഷയത്തിൽ മേയറുടെ നിലപാടിനെതിരെ മന്ത്രി ശിവൻകുട്ടിയുടെ വിമർശനം

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എത്തിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിൽ മാത്രം സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട മേയർ വി.വി. രാജേഷിന്റെ നിലപാടിനെതിരെ മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. കോർപ്പറേഷൻ അതിർത്തിയിൽ “വേലി കെട്ടി” തിരിക്കാനുള്ള ശ്രമം ബാലിശവും അപക്വവുമാണെന്നും ഇത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ടെന്നും, ഇതിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഏകദേശം 60 ശതമാനം ചെലവും സംസ്ഥാന ഖജനാവിൽ നിന്നുള്ളതാണ്.

പദ്ധതിയുടെ ഭാഗമായി ഉള്ള 113 ഇലക്ട്രിക് ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള 50 ബസുകളും നിലവിലുണ്ടെന്നും, ഇവയുടെ പരിപാലനം, ഡ്രൈവർ–കണ്ടക്ടർ നിയമനം, ടിക്കറ്റ് സംവിധാനങ്ങൾ എന്നിവ മുഴുവൻ കെ.എസ്.ആർ.ടി.സിയാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് സിറ്റി–കോർപ്പറേഷൻ–കെ.എസ്.ആർ.ടി.സി ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് നടക്കുന്നതെന്നും, ബസുകൾ എവിടെ ഓടണമെന്നത് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഒരു കോർപ്പറേഷൻ പരിധിയിൽ ഒതുങ്ങുന്ന നഗരം മാത്രമല്ല, സംസ്ഥാനത്തിന്റെ തലസ്ഥാനമാണെന്നും ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ ദിവസേന എത്തുന്ന കേന്ദ്രമാണിതെന്നും മന്ത്രി പറഞ്ഞു. യാത്രാസൗകര്യം വികസിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ ബാധ്യതയെന്നും അതിർത്തികൾ വരച്ച് തടയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യാ രാജേന്ദ്രനും നഗരവികസനത്തെ ക്രിയാത്മകമായി സമീപിച്ചിരുന്നുവെന്നും, നിലവിലെ ഭരണത്തിന്റെ പിന്നാക്ക കാഴ്ചപ്പാട് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply