പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പൊന്നാനിയില്‍ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാർത്ത തെറ്റിദ്ധാരണജനകവും പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവുമാണ്. പൊന്നാനി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ മലമ്പനി പരിശോധനയുടെ രക്തസാമ്പിളുകൾ ജില്ലയുടെ ബയോളിസ്റ്റും ജില്ലാ സർവെയലൻസ് ഓഫീസറും പരിശോധിച്ചതാണ്. ബൈവാലന്റ് ആര്‍.ഡി.ടി കിറ്റ് (BIVALANT RDT KIT) പരിശോധനയിലൂടെ മലമ്പനി പോസിറ്റീവ് ആയാൽ, രോഗിയെ ചികിത്സിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പരിശീലനം ലഭിച്ച ജില്ലയിലെ സ്റ്റാഫ് രോഗാണുവിനെ കണ്ടെത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഈ സ്ലൈഡുകൾ കൂടുതൽ പരിശോധനയ്ക്കായി സംസ്ഥാന ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.