ഗുവാഹത്തി, അസം: ഗുവാഹത്തി മൃഗശാലയിൽ രണ്ടു മാസം മുമ്പ് ജനിച്ച ആദ്യത്തെ ജിറാഫ് കിടാവിന് ‘പാരിജാത്’ എന്ന് പേരിട്ടു. ശനിയാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് പ്രഖ്യാപനം നടത്തിയത്.
പേരിടൽ മത്സരത്തിലൂടെ പൊതുജനങ്ങൾ സമർപ്പിച്ച നൂറുകണക്കിന് നിർദ്ദേശങ്ങളിൽ നിന്നാണ് “പാരിജാത്” എന്ന പേര് തിരഞ്ഞെടുത്തത്.
ആസാമിലെ ആദ്യത്തെ വിജയകരമായ ജിറാഫ് ബ്രീഡിംഗ് പ്രോഗ്രാമായതിനാൽ ഗുവാഹത്തി മൃഗശാലയുടെ ചരിത്ര നിമിഷമാണ് പാരിജാതിന്റെ ജനനം. മൃഗങ്ങളുടെ കൈമാറ്റ പരിപാടികൾ പ്രകാരം രാജ്യത്തെ മറ്റ് മൃഗശാലകളിൽ നിന്ന് ഇവിടെ കൊണ്ടുവന്ന രണ്ട് ജിറാഫുകൾക്കാണ് കിടാവ് ജനിച്ചത്.
ജിറാഫുകൾ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിലും 8,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചു. ഇവയുടെ വംശനാശത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്
സബ്-സഹാറൻ ആഫ്രിക്കയാണ് ജിറാഫുകളുടെ ജന്മദേശം. ഏകദേശം 117,000 ജിറാഫുകൾ കാട്ടിൽ അവശേഷിക്കുന്നു.ഇത് 35 വർഷം മുമ്പ് ലോകത്തുണ്ടായിരുന്ന ജിറാഫുകളിൽ നിന്ന് 40% കുറവ് കാണിക്കുന്നു.വരൾച്ച, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യജീവി സംഘർഷം, വേട്ടയാടൽ എന്നിവ കാരണം ജിറാഫുകൾ വംശനാശത്തിന് ഇരയാകുന്നു.
ജിറാഫുകൾ ഭൂമിയിലെ ഏറ്റവും ഉയരമുള്ള സസ്തനികളാണ്, മണിക്കൂറിൽ 35 മൈൽ വരെ ഓടാൻ കഴിയും
ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളാണ് ഇന്ത്യയിലേക്ക് ജിറാഫുകളെ കൊണ്ടുവന്നത് .ഇപ്പോൾ രാജ്യത്തെ മൃഗശാലകളിൽ 29 ജിറാഫുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു