നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.
1605-ൽ പോർച്ചുഗീസുകാരാണ് നിരവധി ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഫോർട്ട് വൈപ്പിനിലെ പ്രത്യാശ മാതാവിൻ്റെ പള്ളി സ്ഥാപിച്ചത്. പള്ളിയിലെ പല ആരാധന വസ്തുക്കളും പോർച്ചുഗീസ് കാലത്ത് ഉള്ളതാണ്. ഇവയിൽ സുപ്രധാനമായ ഒന്നാണ് ‘എച്ചേ ഹോമോ’ എന്ന പീഡിതനായ ക്രിസ്തുവിൻ്റെ ശിൽപം. ഡച്ചുകാരുമായി യുദ്ധമുണ്ടായപ്പോൾ തോൽവി ഭയന്നാണ് ഫോർട്ടുകൊച്ചിയിലെ പള്ളികളിൽ നിന്ന് ഉപകരണങ്ങളും ശിൽപ്പങ്ങളുമെല്ലാം പ്രത്യാശമാതാ പള്ളിയിലേക്ക് കൊണ്ടുവന്നത്.
പോർച്ചുഗീസുമായി സാംസ്കാരിക പൈതൃകമുള്ള ചെറു സമൂഹം ഇന്നും ഫോർട്ട് വൈപ്പിൻ മേഖലയിൽ ഉണ്ട്. ഇവർക്കിടയിൽ ഇന്നും പോർച്ചുഗീസ് ഭാഷാ ബന്ധമുള്ള ‘പോർച്ചുഗീസ് ക്രിയോൾ’ പാട്ടുകളായും പ്രാർത്ഥനകളായും നിലനിൽക്കുന്നുണ്ട്. പോർച്ചുഗീസുകാർക്ക് പുറമേ ഫോർട്ട് കൊച്ചിയിലുണ്ടായിരുന്ന ഡച്ചുകാരുടെയും പൈതൃകമുള്ളവരും ഫോർട്ട് വൈപ്പിനിലുണ്ട്.
പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ അഭ്യർത്ഥിച്ചിരുന്നു. ആവശ്യമുന്നയിച്ച് നിവേദനങ്ങളും നൽകിയിരുന്നു. അതാണിപ്പോൾ ഫലം കാണുന്നത്.
പള്ളി ചരിത്രസ്മാരകമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വൈപ്പിന് മറ്റൊരു പൊൻതൂവൽ കൂടിയാണ് ലഭിക്കുന്നത്. വിശ്വാസികൾക്ക് പുറമേ വിനോദസഞ്ചാരികൾ കൂടി എത്തുന്നത് പ്രദേശത്തിൻ്റെ വികസനത്തിനും സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ ഉന്നതിക്കും ഉണർവേകും.
