ഗോതമ്പ് വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വലിയ ചാനൽ ചില്ലറ വ്യാപാരികൾ, ഗോതമ്പ് പ്രോസസ്സർമാർ എന്നിവർക്കുള്ള ഗോതമ്പ് കരുതൽ പരിധി സർക്കാർ പുതുക്കി നിശ്ചയിച്ചു
വിപണിയിൽ ഗോതമ്പ് വില നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് സുഗമമായ ലഭ്യത ഉറപ്പാക്കാനും ഗോതമ്പിന്റെ കരുതൽ സർക്കാർ നിരീക്ഷിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ഗവൺമെന്റ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗോതമ്പ് വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വലിയ ചാനൽ ചില്ലറ വ്യാപാരികൾ, ഗോതമ്പ് പ്രോസസ്സർമാർ എന്നിവർക്കുള്ള ഗോതമ്പ് കരുതൽ പരിധി നിശ്ചയിച്ചു.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും ഗോതമ്പ് സ്റ്റോക്ക് പരിധി 1,000 മെട്രിക് ടണ്ണിൽ നിന്ന് 500 മെട്രിക് ടണ്ണായി കുറച്ചിട്ടുണ്ട്.വൻകിട ചില്ലറ വ്യാപാരികൾക്ക്, ഗോതമ്പ് സ്റ്റോക്ക് പരിധി അവരുടെ എല്ലാ ഡിപ്പോകളിലും 1,000 മെട്രിക് ടണ്ണിൽ നിന്ന് 500 മെട്രിക് ടണ്ണായി കുറച്ചു.ചില്ലറ വ്യാപാരികൾക്ക്, ഓരോ റീട്ടെയിൽ ഔട്ട്‌ലെറ്റിനും ഗോതമ്പ് സ്റ്റോക്ക് പരിധി 5 മെട്രിക് ടൺ എന്ന നിലയിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.പ്രോസസ്സറുകൾക്ക് പ്രതിമാസ ഇൻസ്റ്റാൾ ചെയ്ത ശേഷിയുടെ 60%, 2024 ഏപ്രിൽ വരെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അളവ് വരെ കരുതാം
എല്ലാ ഗോതമ്പ് കരുതൽ സ്ഥാപനങ്ങളും ഗോതമ്പ് സ്റ്റോക്ക് ലിമിറ്റ് പോർട്ടലിൽ ([https://evegoils.nic.in/wsp/login](https://evegoils.nic.in/wsp/login)) രജിസ്റ്റർ ചെയ്യുകയും ഓരോ വെള്ളിയാഴ്ചയും സ്റ്റോക്ക് സ്ഥിതി അപ്‌ഡേറ്റ് ചെയ്യുകയും വേണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാതിരിക്കുന്നതോ സ്റ്റോക്ക് പരിധി ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങൾ 1955 ലെ ആവശ്യവസ്തു നിയന്ത്രണ നിയമത്തിലെ വകുപ്പ് 6 & 7 പ്രകാരം ഉചിത ശിക്ഷാനടപടികൾക്കും വിധേയമാകും.
മേൽപറഞ്ഞ സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന കരുതൽ മുകളിൽ പറഞ്ഞ പരിധിയിൽ കൂടുതലാണെങ്കിൽ, അവ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ നിശ്ചിത സ്റ്റോക്ക് പരിധിയിലേക്ക് കൊണ്ടുവരേണ്ടതാണ്. രാജ്യത്ത് ഗോതമ്പിന്റെ കൃത്രിമ ക്ഷാമം സൃഷ്ടിക്കാതിരിക്കാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ ഉദ്യോഗസ്ഥർ ഈ സ്റ്റോക്ക് പരിധി നടപ്പാക്കൽ കർശനമായി നിരീക്ഷിക്കും.