You are currently viewing റെയിൽവേ പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കാത്തത് പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കണം

റെയിൽവേ പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കാത്തത് പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കണം

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ടുമാസം പിന്നിട്ടിട്ടും റെയിൽവേ പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കാത്തത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

വിവിധ പദ്ധതികൾക്കായി നീക്കിവെച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് റെയിൽവേയുടെ എല്ലാ സോണുകളിലും വികസന പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. നിലവിൽ നടന്നു വരുന്ന പദ്ധതികൾക്കും പുതിയതായി പ്രഖ്യാപിച്ച പദ്ധതികൾക്കും ആവശ്യമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്.

2017ൽ റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റുമായി സംയോജിപ്പിച്ചതു മുതൽ, ബജറ്റ് അവതരണത്തിനൊടുവിൽ ഒരാഴ്ചയ്ക്കുള്ളിൽ പിങ്ക് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നതാണ്. പുതിയ പാതകൾ, പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം, റെയിൽവേ മേൽപ്പാലങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച തുകയുടെ വിശദാംശങ്ങൾ ഈ പുസ്തകത്തിലൂടെ ലഭ്യമാകാറുണ്ട്.

എന്നാൽ ഈ വർഷം ഇതുവരെ പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കാത്തതിന് റെയിൽവേ യാതൊരു വിശദീകരണവും നൽകാത്ത സാഹചര്യത്തിൽ, ഇതുമൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Leave a Reply