കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ ദുരന്തനിവാരണ ആക്ട് ഉൾപ്പെടെ പ്രയോഗിക്കും. സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിൽ നല്ല നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനിടെയാണ് റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നീക്കം ചെയ്യാനിറങ്ങിയ വ്യക്തി ഒഴുക്കിൽപെട്ട് മരിക്കുന്ന സംഭവം ഉണ്ടായത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ അപകടുണ്ടായി ജീവൻ നഷ്ടപ്പെട്ട ജോയിയുടെ നിര്യാണത്തിൽ സർക്കാരിനു വേണ്ടി അനുശോചനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ജോയിയെ കണ്ടെത്താൻ നടന്നത്. ഇതിനായി അണിനിരന്ന എല്ലാവരെയും സർക്കാരിനു വേണ്ടി അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനായി അടുത്ത ആറ് മാസത്തിനുള്ളിൽ 11 ലക്ഷ്യങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. . അടുത്ത ഡിസംബറിനുള്ളിൽ വാതിൽപ്പടി ശേഖരണം നൂറു ശതമാനമാക്കും. ജനസംഖ്യാനുപാതികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും. മാലിന്യ പോയിന്റുകൾ പൂർണമായി ഇല്ലാതാക്കും. കാമറ നിരീക്ഷണം ശക്തമാക്കും. 2025 ഫെബ്രുവരിയോടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുകയും ശുചിത്വ ഓഡിറ്റ് നടത്തുകയും ചെയ്യും. ഒരു ജില്ലയിൽ ഒരു ആർ ഡി എഫ് പ്ളാന്റ് ഉറപ്പാക്കും. അടുത്ത മാർച്ചിനകം ഒരു ജില്ലയിൽ കുറഞ്ഞത് ഒരു എസ്. ടി. പി, എഫ് എസ് ടി പി സ്ഥാപിക്കും. നിലവിൽ 9 എണ്ണം സ്ഥാപിച്ചിട്ടുണ്ട്. മൊബൈൽ എസ് ടി പികൾ വ്യാപകമാക്കും. ലെതർ ഉൾപ്പെടെയുള്ള മാലിന്യം ഹരിതകർമ സേന ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കും. സാനിറ്ററി മാലിന്യവും റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യവും സംസ്‌ക്കരിക്കുന്നതിനുള്ള മെഷീൻ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു