
നാഗ്പൂർ: മഹാരാഷ്ട്രയിൽ ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുത്തതിനിടെ മലയാളി വൈദികനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ഗുരുതരവും അപലപനീയവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂർ മിഷനിലെ ഫാദർ സുധീർ (തിരുവനന്തപുരം അമരവിള സ്വദേശി, സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികൻ)യും ഭാര്യ ജാസ്മിനും പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം നാഗ്പുരിലെ ഷിംഗോഡിയിലുണ്ടായ ക്രിസ്മസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം പ്രാദേശിക വൈദികരെയും പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
മതാചാരങ്ങൾ സ്വതന്ത്രമായി അനുഷ്ഠിക്കാനുള്ള അവകാശം ഭരണഘടന വ്യക്തമായി ഉറപ്പുനൽകുന്ന സാഹചര്യത്തിൽ, സമാധാനപരമായ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തതിന് വൈദികരെയും വിശ്വാസികളെയും കസ്റ്റഡിയിലെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എംപി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്നവിസിന് കത്ത് നൽകിയതായും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. അനീതിക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കുകയും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ കർശന നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.