തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് ആരംഭിച്ച അനിശ്ചിതകാല സമരം പൂർണമായും പിൻവലിച്ചതായി ഭക്ഷണ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വ്യാപാരികളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകാൻ ധാരണയായതായും മന്ത്രി അറിയിച്ചു. ഇതിന് ധനവകുപ്പുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മുതൽ 15 തീയതികളിൽ കമ്മീഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികളുടെ കമ്മീഷൻ പുനഃപരിശോധന സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനനുസരിച്ച് ആവശ്യമുള്ള വർദ്ധനകൾ അതിവേഗം നടപ്പാക്കുമെന്നും ഉറപ്പുനൽകി. അഞ്ച് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വ്യാപാരികൾ ഈ തീരുമാനങ്ങൾ അംഗീകരിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ റേഷൻ കടകളും നാളത്തെ മുതൽ പ്രവർത്തനം പുനരാരംഭിക്കും.
റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പതിനെട്ടോളം നിർദ്ദേശങ്ങൾ അംഗീകരിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വ്യാപാരികളുടെ സാമ്പത്തിക പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുന്ന കെ സ്റ്റോറുകളായി മാറ്റുന്നത് ഉൾപ്പടെ വ്യാപാരികളെ സഹായിക്കുന്ന നിരവധി തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
