
പാരീസ്: ഒക്ടോബറിൽ നടന്ന മോഷണവും, ജീവനക്കാരുടെ സമരത്തിനും ശേഷം പാരീസിലെ ലൂവർ മ്യൂസിയം തിങ്കളാഴ്ച പൊതുജനങ്ങൾക്കായി വീണ്ടും തുറന്നെങ്കിലും ഏകദേശം മൂന്ന് മണിക്കൂർ വൈകിയാണ് പ്രവർത്തനം ആരംഭിച്ചത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് മ്യൂസിയത്തിലെ ചില വിഭാഗങ്ങൾ അടഞ്ഞ നിലയിൽ തുടരുകയായിരുന്നു.

ശമ്പളവും ജോലി സാഹചര്യങ്ങളും സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ച് സമരം വീണ്ടും ആരംഭിക്കണമോയെന്ന് തീരുമാനിക്കാൻ ജീവനക്കാർ രാവിലെ യോഗം ചേർന്നു. കഴിഞ്ഞ മാസം ആരംഭിച്ച സമരം ക്രിസ്മസ് അവധിക്കായി ഡിസംബർ 19-ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും ആവശ്യങ്ങൾക്ക് പരിഹാരമില്ലാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമായ ലൂവർ ഒക്ടോബറിൽ നടന്ന വൻ മോഷണത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തമായിട്ടില്ല. നാല് മോഷ്ടാക്കൾ ചേർന്ന് 102 ദശലക്ഷം ഡോളർ വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ഇതുവരെ ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല. ഇതോടെ മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
ഇതിനുപുറമെ, അടുത്തകാലത്തുണ്ടായ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും ലൂവറിനെ ബാധിച്ചു. മ്യൂസിയത്തിനുള്ളിൽ ഉണ്ടായ വെള്ളച്ചോർച്ചയിൽ പുരാതന ഗ്രന്ഥങ്ങൾ നശിച്ചതോടെ കെട്ടിടത്തിന്റെ ദയനീയാവസ്ഥ വെളിച്ചത്തായി.
ലൂവർ ജീവനക്കാർ അമിതമായി ജോലി ചെയ്യേണ്ടിവരുന്നതായും സ്ഥാപനത്തിൽ ഭരണവികലത നിലനില്ക്കുന്നതായും തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. കൂടുതൽ നിയമനം, ശമ്പള വർധന, മ്യൂസിയത്തിന്റെ ധനസ്രോതസുകളുടെ കാര്യക്ഷമമായ വിനിയോഗം എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
ഭാഗികമായി മാത്രമായിരുന്നെങ്കിലും മ്യൂസിയം തുറന്നതോടെ സന്ദർശകർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. പ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനായി മാനേജ്മെന്റും ജീവനക്കാരുടെ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ തുടരുമെന്നാണ് സൂചന.