തിരുവനന്തപുരം: സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിലെ അധ്യാപകരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ ഏപ്രിൽ 7, 2025 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
അധ്യാപകർ സ്വന്തം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുകയും, ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യുകയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതാണ്.
പ്രിൻസിപ്പൽമാർ നൽകുന്ന വിവരങ്ങൾ വളരെ കൃത്യമായി പരിശോധിച്ചശേഷം മാത്രമേ സമർപ്പിക്കാവൂ എന്നും, തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കെതിരെയും പരിശോധനക്കുറവോടെ വിവരങ്ങൾ കൺഫേം ചെയ്യുന്ന പ്രിൻസിപ്പൽ മാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കൈറ്റ് (KITE)-ന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ഈ ഓൺലൈൻ പ്രക്രിയ ജൂൺ 1, 2025 ന് മുമ്പായി വിജയകരമായി പൂർത്തിയാക്കുന്നതിനായി സർക്കാർ തീവ്രശ്രമങ്ങൾ തുടരുകയാണെന്നും, അതിനായുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
