കൊല്ലം: ഞാങ്കടവ് കുടിവെള്ള വിതരണം പദ്ധതി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ തടസപ്പെട്ടിരുന്ന കുണ്ടറ ഭാഗത്ത് നിന്നുള്ള വിഷയങ്ങൾ പരിഹരിച്ചതോടെ, കൊല്ലം ജില്ലയ്ക്ക് നീണ്ടനാളായി കാത്തിരുന്ന ഒരു വലിയ നേട്ടത്തിന് വഴിയൊരുങ്ങുകയാണ്. ദേശീയപാത അതോറിറ്റിയുടെ എതിർപ്പുമൂലം അനിശ്ചിതത്വത്തിലായിരുന്ന പൈപ്പിടൽ വീണ്ടും പുനരാരംഭിക്കും
പദ്ധതിയുടെ ഉദ്ഘാടന പരിപാടി ഇന്നലെ കുണ്ടറയിൽ നടന്നു. ഈ ഭാഗത്ത് 1052 മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കേണ്ടതായിരുന്നു. എന്നാൽ, ദേശീയപാതയിലൂടെ പൈപ്പിടിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രവൃത്തി ഒന്നര വർഷത്തോളം നീണ്ടുനിന്നു.
ദേശീയപാതയിലൂടെ 170 മീറ്റർ നീളത്തിൽ പൈപ്പുകൾ ഇടാനുള്ള അനുമതി സംസ്ഥാന സർക്കാരിന്റെ ഒരു വർഷം നീണ്ട ഇടപെടലുകൾക്ക് ശേഷം കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൽ നിന്നും ലഭിച്ചു. ഒടുവിൽ ദേശീയപാതയിലൂടെയുള്ള പൈപ്പിടൽ 170 മീറ്ററായി ചുരുക്കുകയും ബാക്കി പഞ്ചായത്ത് റോഡിലൂടെ (1600 മീറ്റർ) പൈപ്പ് സ്ഥാപിക്കാൻ ജല അതോറിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം അനുമതി നൽകാൻ മുന്നോട്ട് വന്നത്.
ഇപ്പോൾ, ഞാങ്കടവ് മുതൽ ആനന്ദവല്ലീശ്വരം വരെ 1219 മില്ലിമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്. പദ്ധതിയുടെ കമ്മീഷൻ നടപടികൾ അവസാനിക്കുമ്പോൾ, ആനന്ദവല്ലീശ്വരത്ത് 20 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി കൂടി പ്രവർത്തനക്ഷമമാകും. ഇതോടെ കൊല്ലം നഗരത്തെയും സമീപ പഞ്ചായത്തുകളെയും ബാധിച്ചിരുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കുണ്ടറയിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എം. നൗഷാദ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ തുടങ്ങി