സൗദി അറേബ്യയിലെ നാഷണൽ സെൻറർ ഫോർ വൈൽഡ്ലൈഫ് (NCW) 66 അപൂർവ മൃഗങ്ങളെ കിംഗ് ഖാലിദ് റോയൽ റിസർവ്വിലേക്ക് തിരിച്ചുവിടുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ഒരു വലിയ ചുവടു വച്ചു. റിയാദിലെ അൽ-തുമാമ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ റിസർവ്വിലേക്ക് 40 റിം ഗസൽസ്, 10 അറേബ്യൻ ഓറിക്സ്, 10 ഹുബാര ബസ്റ്റാർഡുകൾ, 6 ഇഡ്മി ഗസൽസ് എന്നിവയെ മാറ്റിപ്പാർപ്പിച്ചു.
ജീവവൈവിധ്യം കൂട്ടുക, പരിസ്ഥിതി സന്തുലിതാവസ്ഥ പുനസ്ഥാപിക്കുക, സുസ്ഥിരത വളർത്തുക, റിസർവ്വിലെ ഇക്കോ ടൂറിസത്തെ പിന്തുണയ്ക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. എൻ സി ഡബ്ല്യു-ന്റെ സിഇഒ ഡോ. മുഹമ്മദ് കുർബാൻ ഇത് പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന ചുവടാണെന്ന് വ്യക്തമാക്കി. “അപൂർവമായ ജീവികളെ പ്രജനനം നടത്തി സ്വാഭാവിക വാസസ്ഥലങ്ങളിൽ തിരിച്ചുവിടുക എന്നതാണ് ഞങ്ങളുടെ ദൗത്യം,” അദ്ദേഹം പറഞ്ഞു.
റിസർവിലേക്ക് വിട്ട ചില മൃഗങ്ങൾക്ക് സോളാർ-ശക്തിയുള്ള ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഉപയോഗിച്ച് ഇവയുടെ പ്രയാണം, പെരുമാറ്റം, പരിസ്ഥിതിയോട് പൊരുത്തപ്പെടൽ എന്നിവ നിരീക്ഷിക്കാൻ ഗവേഷകർക്ക് കഴിയുമെന്ന് എൻ സി ഡബ്ല്യു അറിയിച്ചു.