തൊടുപുഴ: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന “ഒറ്റക്കൊമ്പൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഏപ്രിൽ 21 തിങ്കളാഴ്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീ ധർമ്മശാസ്താ, ശ്രീ മഹാദേവ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നടന്ന ചിത്രീകരണത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ, രാജ് മോഹൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും ഒന്നിച്ചു അണിനിരന്നു.
ജനുവരിയിൽ തിരുവനന്തപുരത്ത് ആദ്യഘട്ടം പൂർത്തിയായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കും വിഷു-ഈസ്റ്റർ അവധികൾക്കുമിടയിലായാണ് രണ്ടാംഘട്ടം തുടങ്ങിയത്.
തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട മേഖലകളിലായി ജൂൺ അവസാനം വരെ ചിത്രീകരണം നടക്കും. തുടർന്ന് മലേഷ്യ, മക്കൗ തുടങ്ങിയ വിദേശലോകങ്ങളിൽ സെറ്റുകൾ ഒരുക്കും. സുരേഷ് ഗോപിക്ക് ലഭ്യമാകുന്ന സമയത്തിനനുസരിച്ചു ചിത്രീകരണം വേഗത്തിൽ പൂര്‍ത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു.
മീനച്ചിൽ താലൂക്കിലെ സാമൂഹ്യ-ആധ്യാത്മിക-രാഷ്ട്രീയ-വാണിജ്യ മേഖലകളിൽ ശക്തമായ സാന്നിധ്യമായിരുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ ജീവിതമാണ് സിനിമയുടെ ആസ്പദം. പുതുമയും ആധികാരികതയും കൈവിടാതെ രൂപകൽപ്പന ചെയ്‌ത ഈ കഥാപാത്രത്തിൽ സുരേഷ് ഗോപി പ്രഭാവം ചെലുത്തുന്നുണ്ട്.
ഇന്ദ്രജിത്ത് സുകുമാരൻ, ചെമ്പൻ വിനോദ്, ലാലു അലക്സും വിജയരാഘവനും ജോണി ആന്റണിയും ബിജു പപ്പനും മേഘന രാജും ഉൾപ്പെടെയുള്ളവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. മാർക്കോ ഫെയിമായ കബീർ ദുഹാൻ സിംഗ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുപതിൽപ്പരം താരങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള പ്രമുഖ നടി നായികയായി എത്തുന്നു.
വലിയ ബജറ്റിലും ജനപങ്കാളിത്തത്തോടെയും ഒരേ സമയം മാസ് ആക്ഷൻ മൂഡിൽ കൂടി ഒരുക്കുന്ന സിനിമയാകുമിതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
