ഇന്ത്യയിലെ മുൻനിര ടയർ നിർമ്മാതാക്കളായ എംആർഎഫ്, ജൂൺ 13-ന് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു, അതിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കവിഞ്ഞു. ആറക്കത്തിലെത്തിയ രാജ്യത്തെ ആദ്യത്തെ സ്റ്റോക്കായി മാറി. രാവിലെ 9.25 ന് എൻഎസ്ഇയിൽ 1,00,050 രൂപ വില രേഖപെടുത്തി. സ്റ്റോക്ക് മുമ്പ് മെയ് മാസത്തിൽ ഒരു ലക്ഷം രൂപ കടന്നിരുന്നുവെങ്കിലും അത് ഫ്യൂച്ചേഴ്സ് വിഭാഗത്തിൽ ആയിരുന്നു.
കഴിഞ്ഞ വർഷം, എംആർഎഫിന്റെ ഓഹരികൾ 45 ശതമാനത്തിലധികം ഉയർന്നു. 2020 മാർച്ചിൽ 55,000 രൂപയിൽ എത്തിയതിന് ശേഷം സ്റ്റോക്ക് 81 ശതമാനം നേട്ടം രേഖപ്പെടുത്തി. 2022 ഡിസംബറിൽ, സ്റ്റോക്ക് 94,500 രൂപയിൽ എത്തിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല.. കമ്പനിയുടെ നാലാം പാദ ഫലങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം സ്റ്റോക്ക് കുത്തനെ ഉയർന്നു എന്നത് ശ്രദ്ധേയമാണ്.
2023 മാർച്ചിൽ അവസാനിക്കുന്ന നാലാം പാദത്തിൽ, എംആർഎഫ് 313.53 കോടി രൂപയുടെ നികുതിയാനന്തര ലാഭം റിപ്പോർട്ട് ചെയ്തു, ഇത് 86 ശതമാനം വാർഷിക വളർച്ച അടയാളപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ അറ്റാദായം 168.53 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 5,841.7 കോടി രൂപയായിരുന്നു, ഇത് പ്രതിവർഷം 10.12 ശതമാനം വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, കമ്പനിയുടെ ബോർഡ് ഫലങ്ങളോടൊപ്പം ഒരു ഷെയറൊന്നിന് 169 രൂപ ( ഓഹരി ഒന്നിന് 10 രൂപ മുഖവില) അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.