സംസ്ഥാനത്ത് ദേശീയ പാത വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ രണ്ട് പ്രധാന പദ്ധതികളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വിഹിതവും റോയൽറ്റിയും കേരള സർക്കാർ ഒഴിവാക്കും.
എറണാകുളം ബൈപാസ് (എൻ എച്ച് 544), കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് റോഡ് (എൻ എച്ച് 744) എന്നിവയുടെ വികസനത്തിനുള്ള സംസ്ഥാന പങ്കാളിത്തത്തിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.രണ്ടു പാത നിർമ്മാണങ്ങൾക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.
ദേശീയപാത 544-ലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള എറണാകുളം ബൈപാസ് പദ്ധതിയിൽ സംസ്ഥാനത്തിന് 424 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 61.62 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് റോഡ് പദ്ധതിക്ക് നികുതിയിളവിലൂടെ സംസ്ഥാന വിഹിതമായ 317.35 കോടി രൂപ നല്കും.
ദേശീയ പാത 66 ൻ്റെ വികസനത്തിന് മുമ്പ് സംസ്ഥാനം 5580 കോടി രൂപ അനുവദിച്ചിരുന്നു. ദേശീയ പാതകളുടെ വികസനം സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.