ബ്രിട്ടീഷ് സംഗീതത്തിൻ്റെ ഇതിഹാസമായ ജോർജ് മൈക്കലിനെ ആദരിച്ച് യുകെ രാജകീയ നാണയനിർമ്മാണശാല തിങ്കളാഴ്ച പുതിയ നാണയം പുറത്തിറക്കി. ‘വാം!’ എന്ന പോപ്പ് ബാൻഡിലെ അംഗമായും ‘ലാസ്റ്റ് ക്രിസ്മസ്’, ‘കെയർലെസ് വിസ്പർ’, ‘ഫെയ്ത്ത്’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കും പ്രശസ്തനായ മൈക്കലിന്റെ സംഗീത പ്രതിഭയെയും ശൈലിയെയും ഈ നാണയം ആഘോഷിക്കുന്നു.
മൈക്കലിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്ന ‘ഫെയ്ത്ത്’ എന്ന ആൽബത്തിൽ നിന്നുള്ള ചിത്രങ്ങളാണ് നാണയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒട്ടും മറക്കാനാകാത്ത സൺഗ്ലാസുകളും , സ്വഭാവ സവിശേഷതകളും ,’ഫെയ്ത്ത്’ എന്ന ഗാനത്തിന്റെ വരികളുടെ കൊത്തുപണിയും നാണയത്തിൽ കാണാൻ സാധിക്കും.
കലാകാരിയും ശിൽപിയുമായ സാന്ദ്ര ഡിയാനയാണ് ഈ പ്രത്യേക നാണയം രൂപകൽപ്പന ചെയ്തത്. രാജകീയ നാണയനിർമ്മാണശാലയുടെ ‘മ്യൂസിക് ലെജൻസ്’ പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണ് ഈ നാണയം. ഡേവിഡ് ബോവി, സർ എൽട്ടൺ ജോൺ, ക്വീൻ എന്നീ സംഗീത ഇതിഹാസങ്ങൾക്കൊപ്പം മൈക്കലും ഇടം നേടിയിരിക്കുകയാണ്.
ഗായകനും ഗാനരചയിതാവും റെക്കോർഡ് പ്രൊഡ്യൂസറുമായിരുന്നു ജോർജ് മൈക്കൽ. ലോകമെമ്പാടും 100 ദശലക്ഷം മുതൽ 125 ദശലക്ഷം റെക്കോർഡുകൾ വരെ വിറ്റഴിച്ചിട്ടുള്ള അദ്ദേഹം എക്കാലത്തെയും മികച്ച വിൽപ്പനയുള്ള സംഗീതജ്ഞരിൽ ഒരാളായിരുന്നു. മൂന്ന് ബ്രിട്ട് അവാർഡുകളും രണ്ട് ഗ്രാമി അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
2016-ലെ ക്രിസ്മസ് ദിനത്തിൽ 53-ആം വയസ്സിൽ മൈക്കിൾ മരിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലെ ഗോറിംഗിലുള്ള വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.