ഇന്ത്യയിലെ ഗ്രാമീണ, നഗരങ്ങളിലെ പരമ്പരാഗത കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിന് ‘പിഎം വിശ്വകർമ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
77-ാമത് സ്വാതന്ത്ര്യദിനത്തിൽ ചൊവ്വാഴ്ച ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പ്രഖ്യാപിച്ചത്.
പദ്ധതിക്ക് 13,000 കോടി രൂപയുടെ സാമ്പത്തിക ചെലവുണ്ടെന്ന് റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ഉദാര വ്യവസ്ഥകളിൽ വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വൈദഗ്ധ്യമുള്ള ആളുകളെ ഈ പദ്ധതി ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു.
“വിശ്വകർമ്മ ജയന്തി ദിനത്തിൽ സർക്കാർ ഒരു പദ്ധതി ആരംഭിക്കും, പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് ഒബിസി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും. നെയ്ത്തുകാർ, സ്വർണ്ണപ്പണിക്കാർ, തട്ടാൻമാർ, അലക്കു തൊഴിലാളികൾ, ബാർബർമാർ, അങ്ങനെയുള്ള കുടുംബങ്ങളെ ശാക്തീകരിക്കും” പ്രധാനമന്ത്രി പറഞ്ഞു.
കരകൗശല വിദഗ്ധരുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം, വ്യാപ്തി എന്നിവ മെച്ചപ്പെടുത്താനും അവരെ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലയുമായി സമന്വയിപ്പിക്കാനും പ്രധാനമന്ത്രി വിശ്വകർമ പദ്ധതി ലക്ഷ്യമിടുന്നു. ഇത് അത്തരം തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണത്തിന് കാരണമാകും. പ്രത്യേകിച്ച് പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക ഉന്നമനത്തിനും ഇത് സഹായകമാവും