
തിരുവനന്തപുരം ∶ മദ്യപിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് വിലക്കുകളൊന്നുമില്ലെന്നും, എന്നാൽ സഹയാത്രികർക്കോ ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളം വെച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: “രണ്ടെണ്ണം അടിച്ചാലും കുഴപ്പമില്ല, മിണ്ടാതിരുന്നോണം! മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറി അഭ്യാസം കാണിച്ചാൽ പിടി വീഴും.”
മദ്യപിച്ച യാത്രക്കാരെ ബസിൽ കയറ്റുന്നതിന് നിയമപരമായ വിലക്കുകളില്ലെങ്കിലും, അവർ മറ്റുള്ള യാത്രക്കാർക്ക് ശല്യമുണ്ടാക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താൽ ബസ് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ളവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി അധികൃതർക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
