
തിരുവനന്തപുരം: എൻ എസ് എസ്–എസ് എൻ ഡി പി ഐക്യത്തിന് ഇനിയും സാധ്യത നിലനിലക്കുന്നുണ്ടെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്നും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഐക്യത്തിന്റെ വാതിൽ അടഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ എസ് എസ് ജനറൽ സെക്രട്ടറിയെ കുറ്റപ്പെടുത്താനോ തള്ളിപ്പറയാനോ ഉദ്ദേശമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഐക്യം സാധ്യമാകുമെന്നും എൻ എസ് എസുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ എസ് എസ് വാതിൽ അടച്ചുവെന്ന നിലപാട് എസ് എൻ ഡി പി യോഗത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. അതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അതുകൊണ്ട് ഐക്യം അസാധ്യമാകില്ല,” എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജി. സുകുമാരൻ നായരുമായി നേരിട്ട് ഫോൺവിളിച്ച് സംസാരിച്ചതായും എന്നാൽ ആ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുപറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം ലക്ഷ്യമിട്ട് മുന്നോട്ടുപോകാനാണ് ഇരുപക്ഷത്തിന്റെയും ശ്രമമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.