പെറുവിലെ പറ്റാസ് പ്രവിശ്യയിലെ ഒരു സ്വർണ്ണ ഖനിയിൽ ഏകദേശം ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയ ശേഷം പതിമൂന്ന് ഖനിത്തൊഴിലാളികളെയും സുരക്ഷാ ഗാർഡുകളെയും മരിച്ച നിലയിൽ കണ്ടെത്തി. പെറുവിയൻ ഖനന കമ്പനിയായ പൊഡെറോസയിൽ ജോലി ചെയ്തിരുന്ന ഇവരെ അനധികൃത ഖനിത്തൊഴിലാളികളെ നേരിടാൻ അയച്ചെങ്കിലും ഖനി നിയന്ത്രിക്കാൻ ശ്രമിച്ച ഒരു ക്രിമിനൽ സംഘം പിടി കൂടുകയായിരുന്നു. ബന്ധികളാക്കിയ ഖനി തൊഴിലാളികളെ അവരുടെ കുടുംബാംഗങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.ഇതിൻറെ വീഡിയോ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .
രണ്ട് വർഷത്തിലേറെയായി അടിയന്തരാവസ്ഥയിലുള്ള ഈ മേഖലയിൽ അനധികൃത ഖനനവും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ വ്യാപകമായ വർദ്ധനവിന്റെ ഭാഗമാണ് ഈ സംഭവം. ബോംബാക്രമണങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ അനധികൃത ഖനിത്തൊഴിലാളികൾ നടത്തിയ ഒന്നിലധികം ആക്രമണങ്ങൾ പൊഡെറോസ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന് പോലീസിനെയും സൈന്യത്തെയും അവർ വിമർശിച്ചു . 1980 മുതൽ, ഈ ഖനിയിലെ 39 തൊഴിലാളികൾ ക്രിമിനൽ ഗ്രൂപ്പുകളുമായുള്ള സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
പെറു ഒരു പ്രധാന ആഗോള സ്വർണ്ണ ഉൽപ്പാദക രാജ്യമാണ്, പ്രതിവർഷം 100 ടണ്ണിൽ കൂടുതൽ ഖനനം ചെയ്യുന്നു, ഇത് ലോകത്തിന്റെ ഉൽപാദനത്തിന്റെ ഏകദേശം 4% ആണ്. ഉയർന്ന ലോഹ ആവശ്യകതയും ദുർബലമായ സർക്കാർ നിയന്ത്രണങ്ങളും മൂലം അനധികൃത ഖനന മേഖല അതിവേഗം വികസിച്ചു, ഇത് ഖനന മേഖലകളിൽ അക്രമങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചു.
