You are currently viewing തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: സി.പി.എം പരാജയം മുൻ മേയറുടെ ധാർഷ്ട്യത്തിന് മറുപടിയെന്ന് യദു

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: സി.പി.എം പരാജയം മുൻ മേയറുടെ ധാർഷ്ട്യത്തിന് മറുപടിയെന്ന് യദു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട പരാജയം മുൻ മേയർ ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാണെന്ന് കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ യദു ആരോപിച്ചു. തന്നെപ്പോലെയുള്ള സാധാരണക്കാരോടുള്ള സി.പി.എം നേതൃത്വത്തിന്റെ പെരുമാറ്റരീതികൾ ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് തോൽവിയെന്ന് യദു പറഞ്ഞു.

ആര്യ രാജേന്ദ്രനും കുടുംബവും തന്നെ ദ്രോഹിച്ചതായും, പൊതുജനങ്ങളെ വിലയില്ലാതെ കാണുന്ന സമീപനമാണ് അവർക്കെന്നും യദു ആരോപിച്ചു. “പാവങ്ങളുടെ പാർട്ടി” എന്ന് അവകാശപ്പെടുന്ന സി.പി.എം തന്നെ നിരവധി രീതിയിൽ ദ്രോഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെ ശബ്ദം അവഗണിച്ച രാഷ്ട്രീയ ശൈലിയാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്നും യദു അഭിപ്രായപ്പെട്ടു.

അതേസമയം, കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ നടപടി പക്ഷപാതപരമാണെന്നും, നീതിക്കായി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യദു നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി “ഒരിഞ്ച് പിന്നോട്ടില്ല” എന്ന സന്ദേശം വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ മുൻ മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ഇതിനിടയിൽ മുൻ സി.പി.എം കൗൺസിലർ ഗായത്രി ബാബു ഉൾപ്പെടെയുള്ളവർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനശൈലിയെ തുറന്നുവിമർശിച്ചതും ശ്രദ്ധേയമായി.

Leave a Reply