പൊലീസ് അന്വേഷണ റിപ്പോർട്ടിന് അനുസരിച്ച് മേയറോ എംഎൽഎയോ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഡ്രൈവർ യദുവിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളോ സ്വതന്ത്ര സാക്ഷിമൊഴികളോ ലഭിക്കാതെ പോയതായും പോലീസ് വ്യക്തമാക്കി. സംഭവസമയത്ത് കെഎസ്ആർടിസി ബസ് സാധാരണ റൂട്ടിലൂടെയല്ല സഞ്ചരിച്ചിരുന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നേരിട്ടുവെന്ന് പറയാനാകില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കോടതി നിർദ്ദേശപ്രകാരം മേയർ കുടുംബത്തിനെതിരെ പരാതി നൽകിയ ഡ്രൈവർ യദു അന്വേഷണ റിപ്പോർട്ടിൽ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു. കേസ് അട്ടിമറിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ സ്വാധീരം കാരണം അന്വേഷണം നല്ല രീതിയിൽ നടന്നില്ലെന്ന് യദു ചൂണ്ടിക്കാട്ടി.വാർത്താ ചാനലുകളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് അവ മനഃപൂർവം അവഗണിച്ചതായും യദു ആരോപിച്ചു. മേയറെയും എംഎൽഎയെയും വീണ്ടും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പുതിയ ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസിൽ അന്വേഷണം വേഗത്തിൽ നടന്നപ്പോഴും, താൻ നൽകിയ പരാതിയിൽ മെല്ലപ്പോക്കാണ് നടന്നതെന്നും ഇരട്ട നീതി തുടരുന്നതായും യദു മുമ്പും ഉന്നയിച്ചിരുന്നു.
