തിരുവനന്തപുരം, മേയ് 10: തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള എസ്എംവിടി എസി സ്പെഷ്യൽ ട്രെയിൻ 17 സർവീസുകൾ കൂടി ദീർഘിപ്പിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വേനൽക്കാലത്ത് ബാംഗ്ലൂർ സെക്ടറിൽ അനുഭവപ്പെട്ട ശക്തമായ തിരക്ക് പരിഹരിക്കുന്നതിനായി മാർച്ചിൽ ആരംഭിച്ച സർവീസിനെയാണ് കൂടുതൽ ട്രിപ്പുകൾ അനുവദിച്ച് ദീർഘിപ്പിച്ചിരിക്കുന്നത്.
യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ട്രെയിനിന് ലഭിച്ചതെന്നും, അതിനാൽ തന്നെ സർവീസ് പരമാവധി നീട്ടണമെന്ന അഭ്യർത്ഥന നേരത്തെ തന്നെ റെയിൽവേ മന്ത്രിയോട് ഉന്നയിച്ചിരുന്നുവെന്ന് എംപി പറഞ്ഞു. നിലവിൽ അനുവദിച്ചിരിക്കുന്ന 17 സർവീസുകൾ പൂർത്തിയാകുന്നതോടെ, ഈ ട്രെയിൻ വീക്കിലി സർവീസായി തുടരുന്നതിനായി ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കോട്ടയം വഴി ഓടുന്ന ട്രെയിനിന് മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
