സൂര്യനെ ചുറ്റിയുള്ള യാത്രയിൽ ഭൂമിയെ അനുഗമിക്കുന്ന ഒരു ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. “2023 എഫ് ഡബ്ല്യു13″എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ “അർദ്ധ ചന്ദ്രൻ” എന്ന് തരംതിരിച്ചിരിക്കുന്നു, കാരണം സൂര്യനെ ചുറ്റുന്ന അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തിന് സമാനമാണ്, അല്ലെങ്കിൽ ഭൂമി ഒരുതവണ സുര്യനെ ചുറ്റാൻ എടുക്കുന്ന സമയം അതും എടുക്കുന്നു എന്നര്‍ഥം.
ഈ അർദ്ധ ചന്ദ്രന് ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുണ്ട്, അതിൻ്റെ സൗര ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ തന്നെ അത് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നു;മാത്രമല്ല ഭൂമിയുടെ 9 ദശലക്ഷം മൈൽ (14 ദശലക്ഷം കിലോമീറ്റർ) അടുത്ത് വരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ വ്യാസം 2,159 മൈൽ (3,474 കി.മീ) ആണ്, നാസ പ്രസ്താവിച്ചതുപോലെ, ചന്ദ്രൻ ഭ്രമണപഥത്തിൽ അതിന്റെ ഏറ്റവും അടുത്ത പോയിന്റിൽ 226,000 മൈൽ (364,000 കി.മീ) അകലെ ഭൂമിയെ സമീപിക്കുന്നു.
ഹവായിയിലെ അഗ്നിപർവ്വതമായ ഹലേകാലയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പാൻ-സ്റ്റാർസ് നിരീക്ഷണാലയം, മാർച്ചിൽ 2023 എഫ് ഡബ്ല്യു13 -നെ ആദ്യമായി കണ്ടെത്തി. തുടർന്ന്, ഹവായിയിലെ കാനഡ-ഫ്രാൻസ്-ഹവായ് ദൂരദർശിനിയും അരിസോണയിലെ രണ്ട് നിരീക്ഷണശാലകളും അതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഓർബിറ്റ് മോഡലിംഗിനെ അടിസ്ഥാനമാക്കി ഛിന്നഗ്രഹത്തെ ഒരു അർദ്ധ ചന്ദ്രനായി തരംതിരിച്ച ജ്യോതിശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ അഡ്രിയൻ കോഫിനറ്റ് പറയുന്നതനുസരിച്ച്, 2023 എഫ് ഡബ്ല്യു13 കുറഞ്ഞത് 100 B.C. മുതൽ ഭൂമിയെ അനുഗമിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഏകദേശം എ.ഡി. 3700 വരെ ഈ ബഹിരാകാശ പാറ അതിന്റെ നിലവിലെ പരിക്രമണ പാത പിന്തുടരുമെന്ന് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. ഭൂമിയുടെ ഏറ്റവും ദൈർഘ്യമേറിയ അർദ്ധ-ഉപഗ്രഹമായി ഇത് കണക്കാക്കപെടുന്നതായി കോഫിനെറ്റ് സ്കൈ ആൻഡ് ടെലിസ്കോപ്പിനോട് പറഞ്ഞു.
നമ്മുടെ ഗ്രഹത്തിന്റെ ഗുരുത്വാകർഷണം ഇതിനെ വളരെ കുറച്ച് മാത്രമേ ബാധിക്കുന്നുള്ളു. ഭൂമിയുടെ സാമീപ്യമാണെങ്കിലും, ഈ അർദ്ധ-ഉപഗ്രഹം നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബഹിരാകാശ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനായ അലൻ ഹാരിസ്, സ്കൈ ആൻഡ് ടെലിസ്കോപ്പിനോട് പറഞ്ഞു.
2023 എഫ് ഡബ്ല്യു13 ഭൂമിയുടെ ഒരേയൊരു അർദ്ധസഹചാരിയല്ല. കാമോവോലേവ എന്ന മറ്റൊരു അർദ്ധ-ഉപഗ്രഹം 2016-ൽ കണ്ടെത്തി. എഫ് ഡബ്ല്യു13 പോലെ, ഈ ഛിന്നഗ്രഹവും നമ്മുടെ ഗ്രഹത്തിന് അടുത്തായി സൂര്യനെ ചുറ്റുന്നു.