തിരുവനന്തപുരം | ഈ വർഷത്തെ ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റം ഉത്തരവ് മെയ് മാസം അവസാനം ഉണ്ടാവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി അറിയിച്ചു.
കൈറ്റ്-ന്റെ മേൽനോട്ടത്തിൽ സ്ഥലം മാറ്റ നടപടികൾ സമയബന്ധിതമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി, കൈറ്റ് സിഇഒ എന്നിവർ അടങ്ങിയ സമിതി നിലവിൽവന്നു.
ട്രാൻസ്ഫർ അപേക്ഷ കഷണിച്ചു രണ്ട് ദിവസത്തിനുള്ളിൽ ഇന്ന് വരെ 6000 അധ്യാപകരുടെ സ്ഥലം മാറ്റ അപേക്ഷകൾ ലഭിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് മെയ് 13 മുതൽ അഞ്ചു ദിവസത്തെ നിർബന്ധ പരിശീലനം വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഈ പരിശീലനത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശീലനവും ഉൾപ്പെടുത്തും.
ഹയർ സെക്കണ്ടറി ചരിത്രത്തിൽ ആദ്യമായി മെയ് മാസത്തിനുള്ളിൽ തന്നെ സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എച്ച് എസ് എസ് പ്രിൻസിപ്പൽമാർക്കും അവധിക്കാല പരിശീലനം നൽകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
