You are currently viewing തൊണ്ടിമുതൽ തിരുമറി കേസ്: മുൻമന്ത്രി ആൻറണി രാജുവിന് മൂന്ന് വർഷം തടവ്

തൊണ്ടിമുതൽ തിരുമറി കേസ്: മുൻമന്ത്രി ആൻറണി രാജുവിന് മൂന്ന് വർഷം തടവ്

നെടുമങ്ങാട്: തൊണ്ടിമുതൽ തിരുമറി കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിലെ എംഎൽഎയുമായ ആൻറണി രാജുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു. തൊണ്ടിമുതൽ നശിപ്പിക്കൽ, കള്ള തെളിവ് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക് മൂന്ന് വർഷം തടവും, ക്രിമിനൽ ഗൂഢാലോചനയ്ക്ക് ആറുമാസം തടവും, വ്യാജ രേഖ ചമച്ചതിന് രണ്ട് വർഷം തടവുമാണ് കോടതി വിധിച്ചത്. ഈ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതാണ് കോടതി ഉത്തരവ്. ഇതിന് പുറമെ 1,000 രൂപ പിഴയും ആൻറണി രാജു അടയ്ക്കണം.

മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ആൻറണി രാജുവിന് എംഎൽഎ സ്ഥാനം സ്വാഭാവികമായി നഷ്ടപ്പെടും. രണ്ടോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കുന്നവർക്ക് നിയമസഭാ അംഗത്വം തുടരാൻ സാധിക്കില്ല.

കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ കെ. എസ്. ജോസിനും മൂന്ന് വർഷത്തെ തടവ് കോടതി വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സ്റ്റേ കോടതി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രതികൾക്ക് അപ്പീലിന് പോകാം. നിലവിൽ കെ. എം. രാജു ജാമ്യത്തിലാണ്.

1990-ൽ ഒരു ഓസ്ട്രേലിയൻ പൗരനെ മയക്കുമരുന്ന് കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Leave a Reply