
തിരുവനന്തപുരം:
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ സേവനങ്ങളും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന മുന്നേറ്റമായി, മൂന്ന് പുതിയ അമൃത്ഭാരത് എക്സ്പ്രസ് ട്രെയിൻ റേക്കുകൾ സംസ്ഥാന തലസ്ഥാനത്ത് എത്തിച്ചേർന്നു.

യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ആധുനിക നോൺ-എ.സി. കോച്ചുകളാണ് ഈ റേക്കുകളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മെച്ചപ്പെട്ട എർഗണോമിക് സീറ്റിംഗ്, എൽഇഡി ലൈറ്റിംഗ്, നവീന ശൗചാലയങ്ങൾ, മികച്ച വായുസഞ്ചാരം, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കുന്ന മെച്ചപ്പെട്ട ആക്സസിബിലിറ്റി സംവിധാനങ്ങൾ എന്നിവ അമൃത്ഭാരത് എക്സ്പ്രസ് കോച്ചുകളുടെ പ്രത്യേകതകളാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഗുണമേന്മയുള്ള യാത്രാനുഭവം നൽകുകയാണ് ഈ ട്രെയിനുകളുടെ ലക്ഷ്യം.
2026 ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത്ഭാരത് എക്സ്പ്രസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നാഗർകോവിൽ–മംഗളൂരു അമൃത്ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം–ഹൈദരാബാദ് അമൃത്ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം–താംബരം അമൃത്ഭാരത് എക്സ്പ്രസ് എന്നിവയാണ് ഈ സർവീസുകൾ,ഇതിനൊപ്പം, സംസ്ഥാനത്തിനുള്ളിലെ ചെറുദൂരം–സബർബൻ യാത്രാസൗകര്യം ശക്തിപ്പെടുത്തുന്ന ഗുരുവായൂർ–തൃശൂർ പ്രതിദിന മെമു (MEMU) സർവീസും അതേ ദിവസം ഉദ്ഘാടനം ചെയ്യും