You are currently viewing മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മുംബൈ: നവി മുംബൈയിലെ വാശി സെക്ടർ 14ലെ രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജ രാജൻ (39), മകൾ വേദിക (6) എന്നിവരാണ് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത്.

ഇന്ന് പുലർച്ചെയോടെയാണ് 20 നിലകളുള്ള കെട്ടിടത്തിലെ 10, 11, 12ാം നിലകളിൽ തീപിടിത്തം ഉണ്ടായത്. ആദ്യം 10ാം നിലയിലാണ് തീ കാണപ്പെട്ടത്. ശേഷം അത് വേഗത്തിൽ മുകളിലേക്കും താഴേക്കും വ്യാപിച്ചു. 12ാം നിലയിലാണ് മലയാളി കുടുംബം താമസിച്ചിരുന്നത്. അഗ്നിശമന സേന നിരവധി യൂണിറ്റുകളുമായി സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. സംഭവസമയത്ത് കെട്ടിടത്തിലെ അലാറം സംവിധാനവും പ്രവർത്തിച്ചില്ലെന്നാണ് സൂചന. പുക ശ്വസിച്ചതിനാൽ ബോധം കെട്ട് വീണവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല.

മറ്റ് ചിലർക്ക് ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ നൂറിലധികം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണവും സുരക്ഷാ വീഴ്ചകളും അന്വേഷിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply