തൃശൂര്‍: മസാലദോശ കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് വയസ്സുകാരി മരണപ്പെട്ടു. ഭക്ഷ്യവിഷബാധയാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം.
അളഗപ്പ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (3) ആണ് മരിച്ചത്. വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
ഹെൻട്രി, ഭാര്യ, അമ്മ, ഒലിവിയ എന്നിവര്‍ അങ്കമാലിയോട് സമീപമുള്ള ഒരു ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ച ശേഷം വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തി കുത്തിവെപ്പ് നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒലിവിയയുടെ ആരോഗ്യനില മോശമായി തുടർന്നു.
പിന്നീട് അവളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നില വഷളായതിനെത്തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.