പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ നിലവിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കും, ഇതിനിടെ അർജന്റീനിയൻ സൂപ്പർതാരം ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള സാധ്യത തെളിയുന്നു.
ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ലയണൽ മെസ്സിയുമായ്, വീണ്ടും കരാർ ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലീഗിന്റെ കർശനമായ സാമ്പത്തീക നിയമങ്ങൾ പാലിക്കാനുള്ള ശ്രമത്തിൽ ലാ ലിഗ ഭീമന്മാർ വലിയ ചെലവ് ചുരുക്കൽ നടത്താൻ നിർബ്ബന്ധിതരായിരിക്കുന്നു.
ബാഴ്‌സലോണയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ഗവി, റൊണാൾഡ് അരൗജോ, മാർക്കോസ് അലോൻസോ എന്നിവർക്കായി പുതിയ കരാറുകൾ രജിസ്റ്റർ ചെയ്യാനുള്ള അവരുടെ ശ്രമം ലാ ലിഗ നിരസിച്ചു.
നവംബറിൽ വിരമിക്കാനുള്ള ജെറാർഡ് പിക്വെയുടെ തീരുമാനവും ജനുവരിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മെംഫിസ് ഡെപേ വിൽക്കപെട്ടതും ബാഴ്‌സലോണയെ സഹായിച്ചു, എന്നാൽ ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ബാഴ്‌സലോണയ്ക്ക് പുതിയ കളിക്കാരെ കരാർ ചെയ്യുന്നതിന് മുമ്പ് 200 മില്യൺ യുറോ അധികമായി കൈവശമുണ്ടാകണമെന്ന് മുന്നറിയിപ്പ് നൽകി.
ബാഴ്‌സലോണയ്ക്ക് മെസ്സിയെ വീണ്ടും ടീമിലെടുക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, നിലവിലെ സാഹചര്യത്തിൽ അനുവദിക്കില്ലെന്ന് ടെബാസ് പറഞ്ഞു, പക്ഷെ “മെസ്സിക്ക് ഇടം നൽകുന്നതിന് ആവശ്യമായ നീക്കങ്ങൾ നടത്താൻ അവർക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ, ബാഴ്‌സലോണ അവരുടെ ഔദ്യോഗിക ടിവി ചാനലായ ബാർക്ക ടി വി അടച്ചുപൂട്ടി. ചാനൽ പ്രവർത്തിപ്പിക്കുന്നതിന് ബാഴ്‌സലോണക്ക് പ്രതിവർഷം 8-6 മില്യൺ യുറോ വരെ ചെലവ് വന്നിരുന്നു
ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയമങ്ങൾ പാലിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞാൽ, ഒരു പുതിയ കരാർ മെസ്സിയുമായി ഉണ്ടാക്കാൻ കഴിഞ്ഞേക്കും.
മെസ്സി 2021-ൽ പിഎസ്‌ജിയിൽ ചേർന്നു, എന്നാൽ അദ്ദേഹത്തിന്റെ രണ്ട് വർഷത്തെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും.ബാഴ്‌സലോണ മേധാവികൾ മെസ്സിയുമായി തിരിച്ച് വരവിനേക്കുറിച്ച് സംസാരിച്ചതായി വെളിപ്പെടുത്തി.
“ലിയോയ്ക്കും കുടുംബത്തിനും അവരോട് ഞങ്ങൾക്കുള്ള സ്നേഹം അറിയാം,” ബാഴ്‌സലോണയുടെ വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ കഴിഞ്ഞ മാസം പറഞ്ഞു. അവസാനം നിർഭാഗ്യവശാൽ ഫലവത്താകാതെ പോയ കരാർ ചർച്ചകളിൽ ഞാൻ പങ്കെടുത്തിരുന്നു, ആ വേദന ഇപ്പോഴും എനിക്കുണ്ട്”.
“തീർച്ചയായും അവൻ മടങ്ങിവരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, നിരവധി ആരാധകരും എന്റെ വികാരം പങ്കിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജീവിതത്തിലെ മനോഹരമായ കഥകൾക്ക് സന്തോഷകരമായ അന്ത്യങ്ങളുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ മെസ്സിയുമായി ബന്ധപ്പെടുന്നത് ”
“നിങ്ങൾ ഒരു വ്യക്തിയുമായി പ്രണയത്തിലായിരിക്കുമ്പോൾ, നിങ്ങൾക്ക് ബന്ധം നഷ്ടപ്പെടും, പക്ഷേ നിങ്ങൾ പ്രണയത്തിൽ തുടരാൻ ആഗ്രഹിക്കുന്നു, ലിയോ ബാഴ്സയുമായും ബാഴ്സലോണ നഗരവുമായും പ്രണയത്തിലാണെന്ന് ഞാൻ കരുതുന്നു. വിധി അത് സാധ്യമാക്കുമെന്ന് ഞാൻ കരുതുന്നു. നമുക്ക് നോക്കാം, ലിയോയെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാം” അദ്ദേഹം പറഞ്ഞു