കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബർത്ത് ചെയ്തതിന്റെ ഒന്നാം വാർഷികം ഇന്ന് ആചരിക്കുന്നു. 2024 ജൂലൈ 11ന് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തിലെത്തിയതോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചത്
ഡിസംബർ 2024 മുതൽ കൊമേഴ്സ്യൽ ഓപ്പറേഷനുമായി തുറമുഖം സജീവമായി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 392 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്തെത്തി. അതിൽ 23 എണ്ണം അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളാണ്, അതായത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ. എം.എസ്.സി ഐറിന പോലുള്ള കപ്പലുകൾ ഇന്ത്യയിൽ ആദ്യമായാണ് ഇവിടെ ബർത്ത് ചെയ്യുന്നത്.
ഇതുവരെ 8.3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം വാണിജ്യ വിജയത്തിന്റെ ഉദാഹരണമായി മാറിയിട്ടുണ്ട്.
തുടക്കത്തിലേ തന്നെ പൂർണ ശേഷിയിലുള്ള പ്രവർത്തനത്തിലേക്ക് കടന്നത്, ആഗോള തലത്തിൽ അപൂർവമായ നേട്ടമാണ്. ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുറമുഖം പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയുടെ സാങ്കേതിക പാടവം ലോകത്തിനു മുന്നിൽ തെളിയിക്കുകയായിരിന്നു.
വിഴിഞ്ഞം പ്രദേശത്തെ സ്ത്രീകളെ പരിശീലിപ്പിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരെ സൃഷ്ടിച്ചതും ആഗോള ശ്രദ്ധ നേടിയ നേട്ടങ്ങളിലൊന്നാണ്.
വൻ നേട്ടങ്ങളോടൊപ്പം ഏകദേശം ₹10,000 കോടി ചെലവിൽ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള ദൗത്യത്തിൽ വിഴിഞ്ഞം തീർച്ചയായും പ്രധാന പടിയായി മാറും.
