കൊട്ടാരക്കര: ആയിരവല്ലിപ്പാറയുടെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും, ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനുമായി മന്ത്രി ആയിരവല്ലിപ്പാറ സന്ദർശിച്ചു.
നിർമലമായ പ്രകൃതിസൗന്ദര്യമുള്ള ഇക്കോ ടൂറിസം ഹബ്ബായി മാറാനുള്ള എല്ലാ സാധ്യതകളും നിറഞ്ഞ പ്രദേശമാണെന്ന് മന്ത്രി പറഞ്ഞു. ചുറ്റും പാറകളുള്ള ആയിരവല്ലി പാറയിൽ നിന്നുള്ള കാഴ്ച കൊല്ലത്തെ മറ്റ് പാറകളെക്കാൾ വ്യത്യസ്തവും അപൂർവ്വവുമാണ്.
കഴിഞ്ഞ ബജറ്റിൽ കൊട്ടാരക്കര മണ്ഡല ടൂറിസം വികസനത്തിന് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്നുള്ള സംഭാവനകളിൽ ഭാഗമാക്കിയുള്ള പദ്ധതികൾ നിലവിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊങ്ങൻപാറ, ആറാംപാറ, മുട്ടറ മരുതിമല, ജഡായുപാറ എന്നിവയെ ബന്ധിപ്പിച്ച ടൂറിസം സർക്യൂട്ട് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വഴിസൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംരക്ഷണഭിത്തികൾ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോപ്പ് വേ, സാഹസിക ടൂറിസം പദ്ധതികൾ തുടങ്ങിയവയുടെ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാറ ഖനനം അനുവദനീയമല്ലാത്ത സർക്കാർ ഭൂമിയിലും പരിസ്ഥിതി സംരക്ഷണ മേഖലയിലുമാണ് ആയിരവല്ലിപ്പാറ സ്ഥിതിചെയ്യുന്നത്. അതിനാൽ ഖനനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നിവ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
