
ഇടുക്കി: തലക്കോടിന് സമീപം ഞായറാഴ്ച രാത്രി ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് ബസിൽ സഞ്ചരിച്ചിരുന്നത്. രാത്രി പത്ത് മണിയോടെ നടന്ന സംഭവത്തിൽ യാത്രക്കാർ സമയബന്ധിതമായി പുറത്തിറങ്ങിയതിനാൽ വൻദുരന്തം തലതാരിഴയ്ക്ക് ഒഴിവായി.

ബസിന്റെ മുൻഭാഗത്ത് നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനം ഉടൻ റോഡരികിൽ നിർത്തി. ബസിലുണ്ടായിരുന്ന എല്ലാവരും വേഗത്തിൽ പുറത്തിറങ്ങി. യാത്രക്കാർ ഇറങ്ങിയതിന് നിമിഷങ്ങൾക്കകം തന്നെ തീ ആളിപ്പടർന്ന് ബസിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ ആളിപ്പടർന്നതിനെ തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെത്തിയവരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.