
പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിലായി നടത്തുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകളുടെ ആരംഭ സ്റ്റേഷനിലും യാത്രാസമയത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

ഭാഗിക റദ്ദാക്കൽ
ജനുവരി 7, 14, 21, 28 തീയതികളിലും ഫെബ്രുവരി 4-നും ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ട് താൽക്കാലികമായി അവസാനിപ്പിക്കും. ഇതോടെ കോഴിക്കോട്–കണ്ണൂർ ഭാഗത്ത് സർവീസ് ഉണ്ടായിരിക്കില്ല.
അതേസമയം, തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന 12082 തിരുവനന്തപുരം സെൻട്രൽ–കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 7, 14, 21, 28 തീയതികളിലും ഫെബ്രുവരി 4, 8 തീയതികളിലും കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും. കോഴിക്കോട്–കണ്ണൂർ ഭാഗത്തെ സർവീസ് ഈ ദിവസങ്ങളിൽ റദ്ദാക്കിയിരിക്കും.
ജനുവരി 21-ന് കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 56603 കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ പാലക്കാട് ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട്–ഷൊർണൂർ ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
ആരംഭ സ്റ്റേഷനിൽ മാറ്റം
ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 56607 പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ അതേ ദിവസം രാവിലെ 6.32-ന് ലക്കിടിയിൽ നിന്ന് യാത്ര ആരംഭിക്കും. പാലക്കാട്–ലക്കിടി ഭാഗത്ത് സർവീസ് റദ്ദാക്കും.
ജനുവരി 26-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട 66609 പാലക്കാട്–എറണാകുളം മെമു രാവിലെ 7.57-ന് ഒറ്റപ്പാലത്ത് നിന്ന് യാത്ര തുടങ്ങും. പാലക്കാട്–ഒറ്റപ്പാലം ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
യാത്രാസമയം നിയന്ത്രണം
ജനുവരി 11, 18 തീയതികളിൽ കൊല്ലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന 07104 കൊല്ലം–മച്ചിലിപട്ടണം ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 50 മിനിറ്റ് നിയന്ത്രിക്കും. ജനുവരി 20-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 07106 കൊല്ലം–നരസാപൂർ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസും 50 മിനിറ്റ് നിയന്ത്രണ വിധേയമാകും.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ജനുവരി 14, 21 തീയതികളിലും ഫെബ്രുവരി 4-നുമാണ് പുറപ്പെടുന്ന 22633 തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ നിയന്ത്രിക്കും. ജനുവരി 14, 21 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 12618 നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 45 മിനിറ്റ് നിയന്ത്രിക്കും.
ജനുവരി 15, 22 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 22638 മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 40 മിനിറ്റ് നിയന്ത്രിക്കും. ജനുവരി 27-ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന 16344 രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസും 40 മിനിറ്റ് നിയന്ത്രണവിധേയമാകും. ജനുവരി 29-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന 07114 കൊല്ലം–ചർലപ്പള്ളി ഫെസ്റ്റിവൽ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസും 40 മിനിറ്റ് നിയന്ത്രിക്കും.
യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിച്ച ശേഷം യാത്ര ആസൂത്രണം ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.