You are currently viewing ഭരണിക്കാവിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കും

ഭരണിക്കാവിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കും

ശാസ്താംകോട്ട:ഓണത്തിന് മുന്നൊരുക്കമായി ഭരണിക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചു.  ജംക്‌ഷനിലെ ബസ് സ്റ്റോപ്പുകൾ ഒഴിവാക്കും, കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റോപ്പുകൾ ചിങ്ങം 1 മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് മാറ്റും. വാണിജ്യ സ്ഥാപനങ്ങൾക്ക് സമീപം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം അടയാളപെടുത്തും ഫുട്പാത്തിലെ അനധികൃത കച്ചവടങ്ങൾ തടയും.  പഞ്ചായത്തും പൊതുമരാമത്തും സഹകരിച്ച് ബസ് സ്റ്റാൻഡിലും റോഡുകളിലും ഉള്ള കുഴികൾ നന്നാക്കും

ശാസ്താംകോട്ട പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മോട്ടോർ വാഹന വകുപ്പ്, പോലീസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ബസ് ഉടമകൾ എന്നിവരുൾപ്പെടെ വിവിധ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. ഭരണിക്കാവിലെ ബസ് സ്റ്റാൻഡിലേക്ക് എല്ലാ ബസുകളും കിഴക്ക് ഭാഗത്തെ വഴിയിലൂടെ പ്രവേശിക്കണമെന്നും പടിഞ്ഞാറ് ഭാഗത്തെ വഴിയിലൂടെ പുറത്തേക്ക് പോകണമെന്നും തീരുമാനിച്ചു.

മുൻവർഷങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ഭരണിക്കാവിൽ നിരവധി പരാതികൾക്ക് വഴിയൊരുക്കിയ ഓണത്തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നത്.  ഓണക്കാലത്ത് തീരുമാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും, രണ്ട് മാസത്തിന് ശേഷം അവയുടെ തുടർച്ച നിർണ്ണയിക്കാൻ അവ അവലോകനം ചെയ്യും.  കൂടാതെ ഭർണിക്കാവ് ജംഗ്ഷനിലെ അശാസ്ത്രീയമായ  സിഗ്നൽ ലൈറ്റ് സംവിധാനം മാറ്റി എല്ലാ റോഡുകളിൽ നിന്നും കാണാവുന്ന പുതിയ സിഗ്നൽ സ്ഥാപിക്കും എന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു

Leave a Reply