
തൊടിയൂർ:കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കോട്ടയം സ്വദേശിനിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം തിരുവാതുക്കൽ സ്വദേശിനി പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 7.30ഓടെ വഞ്ചിനാട് എക്സ്പ്രസിൽ സ്റ്റേഷനിലെത്തി ഇറങ്ങിയ ഇവർ മറുവശത്തേക്ക് കടക്കുമ്പോൾ വേഗം കുറച്ച് വന്ന ട്രെയിൻ തോളിൽ തട്ടുകയായിരുന്നു. ആ സമയത്ത് സാരി പാളത്തിൽ കുടുങ്ങിയതിനാൽ കാൽ പുറത്തെടുക്കാൻ സാധിച്ചില്ല.
സംഭവം കണ്ടുനിന്ന സമീപവാസിയായ കുഞ്ഞുമോൻ, മുറിഞ്ഞുമാറിയ കാലോടെ പ്രീതിലാലിനെ ആംബുലൻസിൽ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
ഫോൺ ലോക്കായിരുന്നതിനാൽ അപകടസമയത്ത് തിരിച്ചറിയൽ സാധ്യമായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ ഒരു കോൾ വഴിയാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
പ്രീതിലാലിന്റെ കാൽ ഗുരുതരമായി തകർന്നതിനാൽ തുന്നിച്ചേർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. വിവരം അറിഞ്ഞ ബന്ധുക്കൾ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു.
