ന്യൂഡൽഹി — ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വെള്ളിയാഴ്ച മുതിർന്ന അമേരിക്കൻ നിക്ഷേപകനായ ജിം റോജേഴ്സ് വിമർശിച്ചു.വാഷിംഗ്ടൺ ഏഷ്യയുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ തെറ്റായി മനസ്സിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ആദരണീയനായ സാമ്പത്തിക നിരീക്ഷകരിൽ ഒരാളായ റോജേഴ്സ്, ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നും, ശിക്ഷ നടപടികൾ അല്ല,മറിച്ച് ഒരു സുപ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യയെ അമേരിക്ക കണക്കാക്കണമെന്നും പറഞ്ഞു.
“ട്രംപ് ഉണരുന്നു, ടിവി കാണുന്നു, തുടർന്ന് എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നു. ഇന്ത്യയിലും ഏഷ്യയിലും എന്താണ് സംഭവിക്കുന്നതെന്ന് തീർച്ചയായും അദ്ദേഹം മനസ്സിലാക്കുന്നില്ല” റോജേഴ്സ് അഭിപ്രായപ്പെട്ടു. വാഷിംഗ്ടൺ ക്രിയാത്മകമായി ഇടപെട്ടാൽ 2030 ഓടെ ഇന്ത്യയ്ക്കും യുഎസിനും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി വികസിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.
ന്യൂഡൽഹിയുടെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ചുകൊണ്ട് റോജേഴ്സ് പറഞ്ഞു, “എന്റെ ജീവിതത്തിൽ ആദ്യമായി ന്യൂഡൽഹിയിലെ ആളുകൾ സാമ്പത്തിക ശാസ്ത്രത്തെ മനസ്സിലാക്കുന്നത് ഞാൻ കാണുന്നു. ഇത് വളരെ ആവേശകരവും അത്ഭുതകരവുമായ ഒരു മാറ്റമാണ്.” ചൈനയോട് മത്സരിക്കാൻ കഴിയുന്ന “അങ്ങേയറ്റം ആവേശകരമായ സമ്പദ്വ്യവസ്ഥ” എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച അദ്ദേഹം, കൂടുതൽ സ്വതന്ത്ര വ്യാപാരം നടത്തണമെന്ന് ആവശ്യപ്പെട്ടു, ഇത് ഇന്ത്യയിലെയും ലോകത്തിലെയും നിക്ഷേപകർക്കും ഗുണം ചെയ്യുമെന്ന് പറഞ്ഞു.
