
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കിയതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർ ഫോഴ്‌സ് വണ്ണിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായും ഒരു ഉന്നതതല കൂടിക്കാഴ്ച നടത്തി.
മിഡിൽ ഈസ്റ്റിൽ സമാധാനം ഏകീകരിക്കാനുള്ള പുതുക്കിയ ശ്രമങ്ങൾക്കിടയിൽ, വരാനിരിക്കുന്ന ആസിയാൻ ഉച്ചകോടിക്കായി ട്രംപിൻ്റെ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനത്തിനുള്ളിൽ നയതന്ത്ര ഇടപെടൽ നടന്നത്
ചർച്ചകൾക്കിടെ, മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുന്നതിനുള്ള “അവിശ്വസനീയമായ പ്രവർത്തനത്തിന്” ഖത്തർ നേതൃത്വത്തോട് പ്രസിഡന്റ് ട്രംപ് നന്ദി പ്രകടിപ്പിച്ചു, ഖത്തറിനെ അമേരിക്കയുടെ “മഹത്തായ സഖ്യകക്ഷി” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രയേലിനും ഹമാസിനും ഇടയിൽ നിർണായക മധ്യസ്ഥരായി ഖത്തർ നയതന്ത്രജ്ഞർ സേവനമനുഷ്ഠിച്ച ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം പറഞ്ഞു.
