
കൊച്ചി: ട്വന്റി 20 പാർട്ടി ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിൽ ചേർന്നതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം. എൻഡിഎ പ്രവേശനത്തിൽ എതിർപ്പ് രേഖപ്പെടുത്തി ട്വന്റി 20യിലെ മൂന്ന് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് പാർട്ടി വിട്ടത്.

ട്വന്റി 20 എൻഡിഎയുമായി കൈകോർത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മൂവരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിട്ട് പുറത്തുവരുമെന്നും അവർ അറിയിച്ചു. ട്വന്റി 20 ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നാരോപിച്ച് റസീന പരീത് രംഗത്തെത്തി. പാവപ്പെട്ടവർക്ക് സബ്സിഡി നൽകാനെന്ന പേരിൽ കൊണ്ടുവന്ന കാർഡിന്റെ ഫോറത്തിൽ ജാതി–മത കോളങ്ങൾ ഉൾപ്പെടുത്തിയതും ബിജെപിയിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് ആരോപണം.