You are currently viewing ജീവന്  സാധ്യതയുള്ള രണ്ട് വിദൂര ഗ്രഹങ്ങൾ കണ്ടെത്തി: ജ്യോതിശാസ്ത്രജ്ഞർ ആവേശത്തിൽ
ഫോട്ടോ- നാസ

ജീവന്  സാധ്യതയുള്ള രണ്ട് വിദൂര ഗ്രഹങ്ങൾ കണ്ടെത്തി: ജ്യോതിശാസ്ത്രജ്ഞർ ആവേശത്തിൽ

ജ്യോതിശാസ്ത്രജ്ഞർ രണ്ട് സൂപ്പർ-എർത്ത് എക്സോപ്ലാനറ്റുകൾ—TOI-715 b, HD 20794 d എന്നിവ—അവയുടെ നക്ഷത്രങ്ങളിൽ നിന്ന് വാസയോഗ്യമായ മേഖലയിൽ (habitable zone) സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ഈ പുതിയ കണ്ടെത്തലുകൾ ഗ്രഹ ഉത്ഭവത്തെക്കുറിച്ചും ജീവൻ കണ്ടെത്താനുള്ള സാധ്യതകളെയും അതുപോലെതന്നെ ഭൂമിക്കുപുറത്തുള്ള ജീവന്റെ സാധ്യതകളെയും കുറിച്ച് കൂടുതൽ പഠിക്കാൻ സുവർണ്ണാവസരമാണ് നൽകുന്നത്.

TOI-715 b: ജീവൻറെ ലക്ഷണങ്ങൾ കണ്ടെത്താനാകുമോ?

ഭൂമിയിൽ നിന്ന് 137 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന TOI-715 b എന്ന സൂപ്പർ-എർത്ത് ഗ്രഹം, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രതീക്ഷ ജനിപ്പിക്കുന്ന ഒന്നാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ വലിപ്പത്തിന്റെ 1.5 മടങ്ങ് വലുപ്പമുള്ള ഈ ഗ്രഹം, ഒരു ചെറുതും ചുവപ്പുനിറമുള്ളതുമായ  നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്നു. 19 ദിവസത്തിനുള്ളിൽ അതിന്റെ ഒരു ഭ്രമണപഥം പൂർത്തിയാക്കുന്ന ഈ ഗ്രഹം, അതിന്റെ നക്ഷത്രത്തിന്റെ വസതി മേഖലയിൽ നിലനിൽക്കുന്നുവെന്നത് അതിന്റെ പ്രത്യേകതയാണ്. ഇതിന് ഉപരിതലത്തിൽ ദ്രാവക ജലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

TOI-715 b ഭൂമിക്ക് വളരെ അടുത്ത് സ്ഥിതിചെയ്യുന്നതും അതിന്റെ ഭ്രമണകാലം വളരെ കുറവുമാണ്. ഈ പ്രത്യേകതകൾ ജെ ഡബ്ലിയു എസ് ടി (James Webb Space Telescope) പോലുള്ള ഉന്നത സാങ്കേതികോപകരണങ്ങൾ ഉപയോഗിച്ച് വിശദമായ നിരീക്ഷണങ്ങൾ നടത്താൻ ഏറ്റവും അനുയോജ്യമായതാണ്. അതിന്റെ അന്തരീക്ഷഘടനയും ജീവൻ നിലനിൽക്കുന്ന സാധ്യതയുമൊക്കെ വിശദമായി പഠിക്കാൻ ഈ ഗ്രഹം വലിയ സാധ്യതകൾ നൽകുന്നു.
കൂടാതെ, ഈ ഗ്രഹ വ്യവസ്ഥയിൽ TOI-715 c എന്ന രണ്ടാമത്തെ ഒരു ഗ്രഹവും ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത് ഭൂമിയേക്കാൾ ചെറുതായിരിക്കാമെന്നും വസതി മേഖലയ്ക്ക് അകത്തു തന്നെയായിരിക്കുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

HD 20794 d: സൂര്യനോട് സാമ്യമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന സൂപ്പർ എർത്ത്.

ഭൂമിയിൽ നിന്ന് വെറും 20 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന HD 20794 d എന്ന സൂപ്പർ-എർത്ത് ഗ്രഹം, 82 എരിഡാനസ് (82 Eridanus) എന്ന സൂര്യനോട് സാമ്യമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നു. ഇരുപത് വർഷത്തിലധികം നീണ്ട നിരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ഈ ഗ്രഹത്തിന്റെ സ്ഥിത്വം സ്ഥിരീകരിച്ചു.

ഭൂമിയെക്കാൾ ആറു മടങ്ങ് ഭാരം ഉള്ള HD 20794 d, ഏകദേശം രണ്ടു ഭൂമി വർഷം കൊണ്ട് അതിന്റെ നക്ഷത്രത്തെ ചുറ്റുന്നു. കൂടാതെ, ഈ വ്യവസ്ഥയിൽ ഇതിനകം തന്നെ രണ്ട് സൂപ്പർ-എർത്ത് ഗ്രഹങ്ങളെ മുമ്പ് കണ്ടെത്തിയിട്ടുള്ളതിനാൽ ഒന്നിൽ കൂടുതൽ വാസയോഗ്യമായ ഗ്രഹങ്ങൾ ഈ നക്ഷത്രത്തിന് ചുറ്റും ഉണ്ടാകാമെന്നുള്ള സാധ്യതയും ശക്തിപ്പെടുന്നു.

അടുത്ത തലമുറയിലെ ദൂരദർശിനികൾ വിദൂര ലോകങ്ങളെ പഠിക്കാനുള്ള നമ്മുടെ കഴിവിനെ മെച്ചപ്പെടുത്തുന്നത് തുടരുമ്പോൾ, പുതുതായി കണ്ടെത്തിയ ഈ സൂപ്പർ-എർത്ത്‌കൾക്ക്  മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നിന് ഉത്തരം നൽകാൻ കഴിഞ്ഞേക്കും: പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ?

Leave a Reply