
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനുവരി 19ന് ഇന്ത്യ സന്ദർശിക്കും. ഇന്ത്യ–യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക സന്ദർശനം.

യുഎഇ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദർശനവുമാണിത്. 2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും 2025 ഏപ്രിലിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും സന്ദർശനങ്ങളടക്കം അടുത്തിടെ നടന്ന ഉയർന്നതല കൈമാറ്റങ്ങൾ സൃഷ്ടിച്ച ശക്തമായ ഗതിവേഗത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിൽ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ ശക്തമായ ബന്ധങ്ങളോടു കൂടിയ സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങളാണ് നിലനിൽക്കുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ , ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനം, ഇരുരാജ്യ നിക്ഷേപ കരാർ എന്നിവയുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും പരസ്പരം മുൻനിര വ്യാപാര-നിക്ഷേപ പങ്കാളികളായി തുടരുന്നു. ദീർഘകാല ഊർജ വിതരണ കരാറുകൾ ഉൾപ്പെടെയുള്ള ശക്തമായ ഊർജ സഹകരണവും ഇരുരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്നു.
ഇന്ത്യ–യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി പുതിയ സഹകരണ മേഖലകൾ രൂപപ്പെടുത്തുന്നതിനും പരസ്പര താൽപര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുന്നതിനും ഈ സന്ദർശനം അവസരം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വിഷയങ്ങളിൽ ഇന്ത്യയും യുഎഇയും ഉയർന്ന തോതിലുള്ള അഭിപ്രായ ഐക്യം പങ്കിടുന്നതായും മന്ത്രാലയം വ്യക്തമാക്കി.