യുണൈറ്റഡ് കിംഗ്ഡത്തിലെ ദശലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ ബാലറ്റ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ പുലർച്ചെ 03:30 വരെ തുടരും. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യത്തിൻ്റെ അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കാനുള്ള വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും.
മേയ് അവസാനത്തിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയുടെ സർ കെയർ സ്റ്റാർമറും തമ്മിലാണ് പ്രധാന മത്സരം. വോട്ടർമാരെ ആകർഷിക്കാൻ ഇരു പാർട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്തി.
വോട്ടർമാർ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ 20 മാസത്തെ ഭരണത്തിൽ വിധി പറയുകയും ചെയ്യുന്നതിനാൽ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടി 2005 മുതൽ യുകെയിൽ അധികാരത്തിലാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബർ അധികാരം പിടിച്ചെടുക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ നാല് ഘടക രാജ്യങ്ങളിലെ വോട്ടർമാർ 650 പാർലമെൻ്റ് മണ്ഡലങ്ങളിൽ വോട്ട് ചെയ്യും. 2019 ലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 67.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി.