
മാർച്ച് 2, 2026നോടെ യു.എസ്–ഇസ്രായേൽ–ഇറാൻ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മധ്യപൂർവേഷ്യയിൽ പല ഫ്രണ്ടുകളിലായി യുദ്ധസാഹചര്യം ശക്തമായി തുടരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇസ്രായേൽ സംയുക്ത വ്യോമാക്രമണങ്ങൾ ഇറാനിൽ തുടരുന്നതിനിടെ ഇറാനും അനുബന്ധ സായുധസംഘങ്ങളും ശക്തമായ തിരിച്ചടികൾ ആരംഭിച്ചിട്ടുണ്ട്.

ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധസംഘടനയായ ഹെസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതോടെ ഒരു വർഷമായി നിലനിന്നിരുന്ന അനിശ്ചിത സമാധാനാവസ്ഥ തകർന്നു. ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിനെതിരെ പ്രതികാരമായാണ് ആക്രമണമെന്നു ഹെസ്ബൊള്ള അറിയിച്ചു. ഇതിന് മറുപടിയായി ഇസ്രായേൽ പ്രതിരോധ സേന ബെയ്റൂട്ട്-ന് തെക്കൻ ഭാഗങ്ങളിലുള്ള ഹെസ്ബൊള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി. ലെബനീസ് റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ ഇറാൻ പുതുതായി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് ഇസ്രായേലിനെ ലക്ഷ്യമിട്ടു. ചില പ്രോജക്ടൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ആളപായമുണ്ടാക്കിയതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. കൂടാതെ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലായി സ്ഫോടനങ്ങളും മിസൈൽ തടയലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈത്തിലെ യു.എസ് എംബസി സമുച്ചയത്തിന് സമീപത്തും നാശനഷ്ടമുണ്ടായതായി ഇറാൻ സൈന്യം അവകാശപ്പെട്ടു.
കുവൈത്തിൽ മൂന്ന് യു.എസ് സൈനിക വിമാനങ്ങൾ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈലുകൾക്കും ഡ്രോണുകൾക്കും എതിരെ പ്രതിരോധം ആക്രമണം നടത്തുന്നതിനിടയിൽ കുവൈറ്റ് സേനയ്ക്ക് അബദ്ധം സംഭവിച്ചതാണ് അപകടത്തിന് കാരണമായത് . 6 വൈമാനികർ പാരച്ചൂട്ട് വഴി താഴേക്ക് ചാടുകയും സുരക്ഷിതരായി ആശുപത്രിയിൽ ചികിത്സയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു.
സംഘർഷം വ്യാപകമായ മേഖലാതല പ്രത്യാഘാതങ്ങൾക്കും ഇടയാക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കത്തിൽ ഉണ്ടായ തടസ്സസാധ്യതയെ തുടർന്ന് ആഗോള എണ്ണവില ഉയർന്നിട്ടുണ്ട്. സൈപ്രസിൽ ഉള്ള ബ്രിട്ടീഷ് വ്യോമതാവളത്തെയും സംശയാസ്പദമായ ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.
മാർച്ച് 2 ഉച്ചയ്ക്കുശേഷവും ഇസ്രായേലിൽ മിസൈൽ അലർട്ടുകളും ലെബനോണിൽ വ്യോമാക്രമണങ്ങളും ഗൾഫ് മേഖലയിലെ സ്ഫോടനങ്ങളും തുടരുകയാണ്. പ്രധാന രാജ്യങ്ങളിൽ നിന്നുള്ള യാതൊരു സംഘർഷശമന സൂചനകളും ഇല്ലാത്തതിനാൽ പ്രോക്സി സായുധസംഘങ്ങളുടെ ഇടപെടലോടെ സംഘർഷം കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.