
ബേൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് സ്വിറ്റ്സർലാൻഡിന്റെ പ്രതിരോധ മന്ത്രി മാർട്ടിൻ പിസ്റ്റർ വ്യക്തമാക്കി. ഇറാൻ നടത്തിയ തിരിച്ചടികളും അതേ രീതിയിൽ അന്താരാഷ്ട്ര നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവേഷ്യയിലെ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ നിഷ്പക്ഷ നിലപാടിന് പ്രസിദ്ധമായ സ്വിറ്റ്സർലൻഡ് ഇത്തരത്തിലുള്ള വിമർശനം ഉയർത്തുന്നത് അപൂർവമാണെന്ന് വിലയിരുത്തപ്പെടുന്നു.

മാർച്ച് 8ന് നടത്തിയ പ്രതികരണത്തിൽ, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളും അതിന് പിന്നാലെ ഇറാൻ നടത്തിയ സൈനിക പ്രതികരണങ്ങളും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണെന്ന് ഫിസ്റ്റർ പറഞ്ഞു. ഇത്തരം നടപടികൾ പ്രദേശത്തെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ വ്യത്യസ്തമാണ്. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ ഈ ആക്രമണങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തിട്ടുണ്ട്. പത്തിൽ കൂടുതൽ രാജ്യങ്ങൾ ഈ നടപടി ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ളിൽ നിയമപരവും രാഷ്ട്രീയപരവുമായി വലിയ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്നതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.