അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ ലോകാരോഗ്യ സംഘടന (WHO)യിൽ നിന്ന് പിന്മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒരു എക്സിക്യൂട്ടീവ് ഓർഡർ ഒപ്പുവെച്ചിട്ടുണ്ട്. പിന്മാറ്റ നടപടികൾ പൂർത്തിയാകാൻ 12 മാസം എടുക്കും, അതിനകം എല്ലാ സാമ്പത്തിക സംഭാവനകളും നിർത്തിവയ്ക്കും.
കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട ഡബ്ല്യൂ.എച്ച്.ഒയുടെ നടപടികളെ വിമർശിക്കുകയും, സാമ്പത്തിക ബാധ്യത സംബന്ധിച്ച ആശങ്കകൾ ഉന്നയിക്കുകയും, സംഘടനയുടെ രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടികൊണ്ടുമാണ് ട്രംപ് ഈ തീരുമാനം എടുത്തത്. വുഹാനിൽ നിന്നാരംഭിച്ച കോവിഡ് മോശമായി കൈകാര്യം ചെയ്തത്, മറ്റ് രാജ്യങ്ങളേക്കാൾ പ്രത്യേകിച്ച് ചൈനയേക്കാൾ അധികം ധനസഹായം നൽകേണ്ടി വരുന്നത്, ഡബ്ല്യൂ.എച്ച്.ഒ. അംഗരാജ്യങ്ങളുടെ സ്വാധീനത്തിൽനിന്ന് സ്വാതന്ത്ര്യം ഇല്ലാത്തത് തുടങ്ങിയവയാണ് പിന്മാറ്റത്തിനുള്ള പ്രധാന കാരണം.
അമേരിക്കയാണ് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ധനസഹായകൻ. 2022-2023 കാലയളവിൽ ഏകദേശം 1.284 ബില്യൺ ഡോളർ അമേരിക്ക നൽകിയതായി കരുതപ്പെടുന്നു, അതായത് സംഘടനയുടെ ആകെ ബജറ്റിന്റെ 18% ആണ് ഇത്. അമേരിക്കൻ പിന്മാറ്റം രോഗ നിയന്ത്രണം, വാക്‌സിൻ വിലയിരുത്തൽ, അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുൻ ഡബ്ല്യൂ.എച്ച്.ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ഈ നീക്കത്തെ “ലോകാരോഗ്യരംഗത്ത് പിന്നോട്ടുള്ള ഒരു നീക്കം” എന്നാണു വിശേഷിപ്പിച്ചത്. ഈ തീരുമാനത്തിലൂടെ അമേരിക്കയ്ക്ക് ഗുണത്തേക്കാൾ നഷ്ടം കൂടുമെന്ന് അവർ മുന്നറിയിപ്പു നൽകി.