ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ആദ്യത്തെ ടൂറിസം, സാംസ്കാരിക തലസ്ഥാനമായി വാരണാസിയെ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വാരാണസിയിൽ നടന്ന എസ്സിഒ ടൂറിസം അഡ്മിനിസ്ട്രേഷൻ മേധാവികളുടെ യോഗമാണ് പ്രഖ്യാപനം നടത്തിയത്.
“ഈ അംഗീകാരം ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ നഗരത്തെ കൂടുതൽ പ്രാധാന്യത്തിലേക്ക് കൊണ്ടുവരും. ഇന്ത്യൻ നാഗരികതയുടെ കളിത്തൊട്ടിൽ കൂടിയായ വാരണാസിയുടെ ആത്മീയത, മിസ്റ്റിസിസം, ജ്ഞാനം എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് ഈ സംരംഭം കൂടുതൽ ശ്രദ്ധ നേടും,” ടൂറിസം മന്ത്രാലയം
പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. .
തദവസരത്തിൽ, ഒരു സംയുക്ത കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകുകയും എസ്സിഒ ടൂറിസം മന്ത്രിമാർ അംഗീകരിക്കുകയും ചെയ്തു.
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ടൂറിസം ബ്രാൻഡിന്റെ പ്രമോഷൻ, സാംസ്കാരിക പൈതൃകം, ടൂറിസം മേഘലയിലെ വിവരങ്ങളുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും പങ്കിടൽ, മെഡിക്കൽ, ഹെൽത്ത് ടൂറിസത്തിലെ പരസ്പര സഹകരണം, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ സംയുക്ത പ്രവർത്തന പദ്ധതിയുടെ മുൻഗണനാ ഘടകങ്ങളാണ്.
കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്സിഒ ടൂറിസം അഡ്മിനിസ്ട്രേഷൻ മേധാവികൾ പങ്കെടുത്തു. അംഗീകരിച്ച സംയുക്ത പ്രവർത്തന പദ്ധതി പ്രകാരം, അംഗരാജ്യങ്ങൾ എസ്സിഒ ടൂറിസം എക്സിബിഷൻ, എസ്സിഒ ഫുഡ് ഫെസ്റ്റിവൽ, വെബിനാർ, ടൂറിസത്തെക്കുറിച്ചുള്ള സെമിനാർ, കോൺഫറൻസ്, മേഖലയിലെ ടൂറിസത്തിന്റെ പ്രോത്സാഹനവും വികസനവും എന്നിവയെക്കുറിച്ചുള്ള വിദഗ്ധ സെഷൻ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ടൂറിസം മന്ത്രാലയം. പ്രസ്താവനയിൽ പറഞ്ഞു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) 2001 ജൂൺ 15 ന് ഷാങ്ഹായിൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനയാണ്. എസ്സിഒയിൽ നിലവിൽ എട്ട് അംഗരാജ്യങ്ങളാണുള്ളത് (ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ).
എസ്സിഒ ടൂറിസം അഡ്മിനിസ്ട്രേഷൻ മേധാവികളുടെ അടുത്ത യോഗം 2024 ൽ കസാക്കിസ്ഥാനിൽ നടക്കും.