തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് നേടുമെന്ന് നടത്തിയ അവകാശവാദം വെറും രാഷ്ട്രീയ ഭ്രമം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. “നൂറിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും,”
കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ ദൗർബല്യം തുറന്ന് പറയുന്ന സാഹചര്യത്തിൽ സതീശന്റെ പ്രസ്താവന യാഥാർത്ഥ്യബോധമില്ലാത്ത ദിവാസ്വപ്നമാണെന്ന് ശിവൻകുട്ടി വിലയിരുത്തി. കോൺഗ്രസ് നേതാവ് പാലോട് രവിയുടെ പരാമർശങ്ങളും ഇത് കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.
“പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴേക്ക് പോകും,” എന്നാണ് പാലോട് രവി തുറന്നു പറഞ്ഞത്. വീടുകളിൽ നോട്ടീസ് നൽകി വോട്ട് തേടിയാലും ഒരാളും വോട്ട് ചെയ്യില്ലെന്നും, കോൺഗ്രസിന് ജനങ്ങളുമായി ആത്മബന്ധം ഇല്ലെന്നും, എല്ലാവരും പരസ്പരം കാലു വാരാൻ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വം തകരാറിലാണെന്നും, ഓരോരുത്തരും പരസ്പരം അംഗീകരിക്കാൻ കഴിയാത്തതിനാൽ പാർട്ടിയുടെ മുഖം വികൃതമായിരിക്കുകയാണെന്നും പാലോട് രവി ഉദ്ധരിപ്പിച്ചിരിക്കുന്നു. പഞ്ചായത്തിൽ പാർട്ടി മൂന്നാം സ്ഥാനത്ത് പോവാനാണ് സാധ്യതയെന്നും, വാർഡുകളിലൊന്നിലും വിശ്വസനീയ പ്രവർത്തകരില്ലെന്നും, പാർട്ടിയുടെ തദ്ദേശ ഘടനകൾ പോലും ദുർബലമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘100 സീറ്റ്’ അവകാശവാദം ഉയര്‍ന്നത്. അതിനാൽ തന്നെ, ആ കണക്കിന് കൃത്യത ഇല്ലെന്നും, കോൺഗ്രസിന്റെ അകത്തളത്തിൽ നിലനിൽക്കുന്ന ആത്മവിശ്വാസക്കുറവിനെ മറയ്ക്കാനുള്ള തന്ത്രമായാണ് ഇത്തരം പ്രസ്താവനകളെ കാണേണ്ടതെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
