
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ഉണ്ടാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രവചിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായാലും സംസ്ഥാനത്ത് ഇടത് മുന്നണിക്ക് തന്നെ വീണ്ടും അധികാരം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതേസമയം, യു.ഡി.എഫിന് 100 സീറ്റ് ലഭിക്കുമെന്ന സാധ്യതയെ അദ്ദേഹം പരിഹസിച്ചു. അങ്ങനെ സംഭവിച്ചാൽ അത് “ലോകാവസാനം പോലെയാകും, അന്ന് സൂര്യൻ പടിഞ്ഞാറ് ഉദിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിലെ നേതൃത്ത്വ വിഷയത്തെയും അദ്ദേഹം പരാമർശിച്ചു. പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ നേതാവ് രമേശ് ചെന്നിത്തല ആണെന്നും, എന്നാൽ അദ്ദേഹത്തെ പാർട്ടി ഒതുക്കുകയാണെന്നും നടേശൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനെതിരെ കടുത്ത വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. സതീശനെ “ബഫൂൺ” എന്നും “കേരള രാഷ്ട്രീയത്തിലെ ജോക്കർ” എന്നും വിശേഷിപ്പിച്ച അദ്ദേഹം, കെ. സുധാകരൻനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയാണെന്നും ആരോപിച്ചു.
കൂടാതെ, യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനഭരണം മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.